ആംബുലൻസ് വൈദ്യുതി ട്രാൻസ്ഫോർമറിൽ ഇടിച്ച് കത്തി രോഗി വെന്തുമരിച്ചു. ചൊവ്വാഴ്ച പുലച്ചെ മൂന്നരയോടെ കോഴിക്കോട് നഗരത്തിൽ മിംസ് ആശുപത്രിക്ക് സമീപത്തുവെച്ചായിരുന്നു അപകടം. നാദാപുരം സ്വദേശി സുലോചനയാണ് (57) മരിച്ചത്. മലബാർ മെഡിക്കൽ കോളജിൽനിന്നും ശസ്ത്രക്രിയ നടത്തുന്നതിനായി മിംസ് ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെയാണ് സംഭവം. വൈദ്യുതി പോസ്റ്റിലിടിച്ച ആംബുലൻസ് തൊട്ടടുത്ത കെട്ടിടത്തിലേക്ക് ഇടിച്ചുകയറുകയും ചെയ്തു. ആംബുലൻസിൽ കുടുങ്ങിപ്പോയ സുലോചന സംഭവസ്ഥലത്തു തന്നെ മരിച്ചു. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി. ഇടിയുടെ ആഘാതത്തിൽ ആംബുലൻസിൽ ഉണ്ടായിരുന്ന മൂന്ന് ജീവനക്കാർ റോഡിലേക്ക് തെറിച്ചുവീണു പരിക്കേറ്റു. ഇവരിൽ ഒരാൾക്ക് ഗുരുതര പരിക്കുണ്ട്. സൂലോചനയുടെ ബോഡി കത്തിക്കരിഞ്ഞ നിലയിലായിരുന്നു. നേരിയ മഴയുണ്ടായിരുന്നു. അമിതവേഗതയാണോ അപകടത്തിന് കാരണമെന്ന് വ്യക്തമല്ല.
