തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് ബ്രേക്ക് വാട്ടർ നിർമ്മാണം പൂർത്തിയായി. തുറമുഖത്തിന്റെ അടുത്തഘട്ടത്തിൽ 900 മീറ്റർ കൂടി ബ്രേക്ക്‌വാട്ടർ നിർമിക്കും. അതോടെ 3.9 കിലോമീറ്ററാകും ബ്രേക്ക്‌വാട്ടറിന്റെ ആകെ നീളം.
70 ലക്ഷം ടൺ കരിങ്കല്ല് ഉപയോഗിച്ച് തീരത്തു നിന്നും 2950 മീറ്റർ ദൂരമുള്ള ബ്രേക്ക് വാട്ടറായിരുന്നു വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിലെ പ്രധാന വെല്ലുവിളി.
കടലിൽ 20 മീറ്റർ വരെ ആഴമുള്ള ഭാഗത്താണ് നിർമാണം. ഇന്ത്യയിൽ ഇത്രയധികം ആഴത്തിൽ 2.95 കിലോമീറ്റർ നീളത്തിൽ ബ്രേക്ക് വാട്ടർ നിർമിച്ചിട്ടുള്ള തുറമുഖങ്ങളുണ്ടാകില്ലെന്നാണ് റിപ്പോർട്ടുകൾ.
തുറമുഖത്തിന്റെ ബെർത്തിനെ തിരമാലകളിൽനിന്ന് സംരക്ഷിക്കാനായാണ് ബ്രേക്ക് വാട്ടർ നിർമ്മിക്കുന്നത്. ത്രികോണാകൃതിയിൽ വലിയൊരു മതിൽപോലെ തിരമാലകളിൽ നിന്നും തുറമുറത്തെ സംരക്ഷിക്കുന്നത് ഈ ബ്രേക്ക്‌വാട്ടറാണ്.
അടിത്തട്ടിൽ 100 മുതൽ 120 മീറ്റർ വരെ വിസ്തൃതിയിൽ കല്ലുകൾ അടുക്കിയാണ് നിർമ്മാണം. ഇതിന്റെ മുകൾത്തട്ടിൽ 10 മീറ്റർ വരെ വീതിയുണ്ടാകും. ഇനി ബ്രേക്ക്‌വാട്ടറിന്റെ ചുറ്റും അക്രോപ്പോഡുകൾ നിരത്തി സംരക്ഷണ കവചമൊരുക്കും. ബ്രേക്ക്‌വാട്ടറിന് മുകളിലായി 10 മീറ്റർ വീതിയിൽ കോൺക്രീറ്റ് റോഡും നിർമിക്കും.
2016-ലാണ് നിർമാണം തുടങ്ങിയത്. 2021-22, 2022-23, 2023-24 കാലത്താണ് ബ്രേക്ക്‌വാട്ടർ നിർമാണത്തിന്റെ ഭൂരിഭാഗവും പൂർത്തിയാക്കിയത്. എട്ടുവർഷത്തിനിടെ കാലാവസ്ഥാമാറ്റം ഉൾപ്പെടെ പല പ്രതിസന്ധികളും തരണം ചെയ്താണ് ഇപ്പോൾ നിർമാണം പൂർത്തിയാക്കിയത്.
ആദ്യഘട്ടത്തിൽ ഓഖി ചുഴലിക്കാറ്റുൾപ്പെടെ നിർമാണത്തിന് തടസ്സമായി. ബ്രേക്ക് വാട്ടറിന്റെ കുറച്ചുഭാഗം നശിക്കുകയും ചെയ്തു. പിന്നീട് പാറലഭ്യതയായിരുന്നു പ്രശ്‌നം. കേരളത്തിലും തമിഴ്‌നാട്ടിലുമുൾപ്പെടെയുള്ള ക്വാറികളിൽനിന്ന് കല്ലെത്തിച്ചാണ് പ്രശ്‌നം പരിഹരിച്ചത്.
കൊല്ലത്തും മുതലപ്പൊഴിയിലും കല്ലുകൾ ശേഖരിക്കാൻ ലോഡ് ഔട്ട് പോയിന്റ്‌സ് സജ്ജമാക്കി. ഇവിടെ നിന്ന് ബാർജുകളിൽ കല്ല് കടൽമാർഗം എത്തിച്ചാണ് നിർമാണം നടത്തിയത്.
വിഴിഞ്ഞത്തും മൂന്നു പോയിന്റുകളിൽ കല്ല് ശേഖരിച്ച് ടിപ്പറുകളിലും ബാർജുകളിലുമാണ് കടലിൽ കല്ലിട്ടത്. കടലിൽ അഞ്ച് മീറ്ററിൽ കൂടുതൽ ആഴമുള്ള ഭാഗങ്ങളിൽ ബാർജിൽ മാത്രമാണ് കല്ലിടുന്നത്. അതിനു മുകളിലാണ് ടിപ്പറിൽ കല്ലിടുന്നത്. 12 ബാർജുകളാണ് ബ്രേക്ക് വാട്ടർ നിർമാണത്തിനായി വിഴിഞ്ഞത്ത് എത്തിച്ചത്.