ബിൽകീസ് ബാനു കൂട്ടബലാത്സംഗ കേസിലെ പതിനൊന്ന് പ്രതികളും പൊലീസിനു മുന്നിൽ കീഴടങ്ങി. സുപ്രീംകോടതി നിർദേശിച്ച സമയപരിധി അവസാനിക്കാനിരിക്കേയാണ് ഞായറാഴ്ച്ച രാത്രി ഗുജറാത്തിലെ ഗോധ്ര സബ് ജയിലിലെത്തി കീഴടങ്ങിയത്. ജനുവരി 21 ന് അർദ്ധരാത്രിക്ക് മുമ്പ് കീഴടങ്ങാനായിരുന്നു സുപ്രീംകോടതി നിർദേശം. ബകാഭായ് വോഹാനിയ, ബിപിൻ ചന്ദ്ര ജോഷി, കേസർഭായ് വോഹാനിയ, ഗോവിന്ദ് നായ്, ജസ്വന്ത് നായ്, മിതേഷ് ഭട്ട്, പ്രദീപ് മോർധിയ, രാധേഷ്യാം ഷാ, രാജുഭായ് സോണി, രമേഷ് ചന്ദന, ശൈലേഷ് ഭട്ട് എന്നിവരാണ് ശിക്ഷിക്കപ്പെട്ട 11 പ്രതികൾ.
പതിനൊന്ന് പ്രതികളും ജനുവരി 21 അർധരാത്രിക്കു മുമ്പ് ജയിലിൽ എത്തി കീഴടങ്ങിയതായി ലോക്കൽ ക്രൈം ബ്രാഞ്ച് ഇൻസ്പെക്ടർ എൻഎൽ ദേശായി അറിയിച്ചു. പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അധികാരമില്ലെന്ന് വ്യക്തമാക്കി കൊണ്ടാണ് ജനുവരി എട്ടിന് സുപ്രീംകോടതി പ്രതികളെ വിട്ടയച്ച തീരുമാനം റദ്ദാക്കി ഉത്തരവിട്ടത്. ഗുജറാത്ത് കലാപകാലത്ത് 21ാം വയസ്സിലാണ് അഞ്ച് മാസം ഗർഭിണിയായിരുന്ന ബിൽകീസ് ബാനു കൂട്ടബലാത്സംഗത്തിന് ഇരയായത്. ഇവരുടെ മൂന്ന് വയസ്സുള്ള മകൾ ഉൾപ്പെടെ കുടുംബത്തിലെ ഏഴ് പേർ കൊല്ലപ്പെടുകയും ചെയ്തു.