കൊച്ചി: ബൈക്ക് അപകടത്തിൽ അച്ഛന് പരിക്ക് പറ്റിയതോടെ ജോലിക്ക് പോകാൻ കഴിയാതായി. അമ്മയ്‌ക്കാണെങ്കിൽ കടുത്ത ന്യുമോണിയ.
പ്രതിസന്ധിക്കു മുന്നിൽ തളരാതെ കുടുംബത്തിന്റെ സംരക്ഷണം ‘മഞ്ഞുമ്മൽ ഗേൾ’ ഏറ്റെടുക്കുകയായിരുന്നു. മഞ്ഞുമ്മൽ വാരിയത്ത് വീട്ടിൽ അലീഷ ജിൻസൺ (18) പ്ളസ് ടു പഠനത്തോടൊപ്പം ഇലക്ട്രിക് ഓട്ടോ ഓടിച്ച് കുടുംബം പോറ്റുകയാണ്.
ഉൗബർ സവാരികളാണ് കൂടുതലും പോകുന്നത്. പഠനം കഴിഞ്ഞ് വൈകിട്ട് 6 മുതൽ രാത്രി 10വരെയാണ് ഓട്ടോ ഓടിക്കുന്നത്. പിന്നീട് വീട്ടുസാധനങ്ങൾ വാങ്ങി മടങ്ങും. ദിവസവും 1000 രൂപ വരെ കിട്ടാറുണ്ട്. യാത്രക്കാർ അറിഞ്ഞ് ടിപ്പും നൽകും.
ഹൗസ് കീപ്പിംഗ് കരാറുകാരനായ പിതാവ് ജിൻസണിന്റെ കെ.എൽ 41 യു 8639 ഓട്ടോയാണ് അലീഷ ഉപയോഗിക്കുന്നത്.
2024 ആഗസ്റ്റ് 25ന് 18 തികഞ്ഞപ്പോൾ തന്നെ ഡ്രൈവിംഗ് ലൈസൻസെടുത്തു. പത്താം ക്ലാസ്കഴിഞ്ഞപ്പോൾ വീട്ടിൽ നിന്ന് 20 കിലോമീറ്ററോളം ദൂരെ ചേന്ദമംഗലം സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് പ്ളസ് ടുവിന് അഡ്മിഷൻ കിട്ടിയത്.
സൈക്കിളിലായിരുന്നു യാത്ര. ജംഗ്ഷനിൽ വച്ചിരുന്ന സൈക്കിൾ മോഷണം പോയതോടെ സ്കൂൾ യാത്ര മടുപ്പായി തുടങ്ങി. പിന്നീട്ജോലി ചെയ്യാമെന്ന് തീരുമാനിച്ചു.
ഇപ്പോൾ നാഷണൽ ഇൻസ്റ്റിട്ട്യൂട്ട് ഒഫ് ഓപ്പൺ സ്കൂളിന്റെ പത്തടിപ്പാലം സെന്ററിൽ പ്ലസ് ടു കൊമേഴ്സ് വിദ്യാർത്ഥിനിയാണ് അലീഷ. ഫാഷൻ ഡിസൈനിംഗിൽ ഹ്രസ്വകാല കോഴ്സും പൂർത്തിയാക്കിയിട്ടുണ്ട്.
ജ്യേഷ്ഠൻ ജോഷ്വ പിതാവിന്റെ പാതയിൽ ഹൗസ് കീപ്പിംഗ് ജോലി ചെയ്യുന്നുണ്ട്. സൈക്കിളിൽ ഏകാന്ത യാത്രകളാണ് അലീഷയ്‌ക്ക് ഏറെ ഇഷ്ടം. ആലപ്പുഴ, ഫോർട്ട് കൊച്ചി ബീച്ചിലടക്കം സൈക്കിളിൽ പോയിട്ടുണ്ട്.
ഓട്ടോയിൽ എറണാകുളം ജില്ലയിലെ മിക്കയിടത്തും പോയിട്ടുണ്ട്. ഇന്ത്യ മുഴുവൻ സോളോ ട്രാവലാണ് അലീഷയുടെ സ്വപ്നം. നാടൻ പാട്ട് കലാകാരിയാണ് അലീഷ.
രാത്രി ഓടുന്നതിനാൽ കരുതൽ വേണമെന്നാണ് യാത്രക്കാർ അലീഷയോട് പറയാറുള്ളത്. ട്രെയ് ലർ ലോറികൾ അടക്കം ഓടിക്കാനുള്ള ലൈസൻസ് എടുക്കണമെന്ന് ആഗ്രഹമുണ്ടെങ്കിലും പഠിക്കാനുള്ള വലിയ ഫീസാണ് പ്രശ്നം.