അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറക്ക് ലോക്സഭാ തെരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ വിസ നിഷേധിച്ച് കേന്ദ്രസർക്കാർ. വാർത്തകൾ റിപ്പോർട്ട് ചെയ്യുന്നതിനായി വിസക്ക് അപേക്ഷിച്ചെങ്കിലും കേന്ദ്രസർക്കാർ അനുമതി നിഷേധിച്ചതായി അൽ ജസീറ വ്യക്തമാക്കി. ഘട്ടങ്ങളായി നടക്കുന്ന വോട്ടെടുപ്പിൽ ഇന്നലെ നടന്ന ആദ്യഘട്ടം ഇന്ത്യക്ക് പുറത്തുനിന്ന് റിപ്പോർട്ട് ചെയ്തു കൊണ്ടാണ് തങ്ങൾക്ക് വിസ നിഷേധിച്ച വിവരം അൽ ജസീറ പുറത്തുവിട്ടത്. വിസ നിഷേധിച്ചെങ്കിലും തങ്ങൾ പിന്മാറില്ലെന്നും ഇന്ത്യയിലെ തെരഞ്ഞെടുപ്പ് വിവരങ്ങൾ രാജ്യത്തിന് പുറത്തുനിന്ന് റിപ്പോർട്ട് ചെയ്യുമെന്നും അൽജസീറ വ്യക്തമാക്കി.
നേരത്തെ ഗുജറാത്ത് കലാപത്തിൽ നരേന്ദ്രമോദിയെ പ്രതിക്കൂട്ടിൽ ആക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററിക്ക് കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ആദായനികുതി വകുപ്പ് അടക്കമുള്ള ഏജൻസികൾ ബിബിസി ക്കെതിരെ നടപടി ആരംഭിക്കുകയും ഏപ്രിൽ ആദ്യത്തോടെ ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം നിർത്തുകയാണെന്ന് ബിബിസി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. പ്രസിദ്ധീകരണ ലൈസൻസ് ഇന്ത്യൻ ജീവനക്കാർ സ്ഥാപിച്ച ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് കൈമാറിയ ശേഷമാണ് ബിബിസി ഇന്ത്യയിലെ ന്യൂസ് റൂം പ്രവർത്തനം അവസാനിപ്പിച്ചത്. ഇത് തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണെന്ന് ബിബിസി വ്യക്തമാക്കിയിരുന്നു.