തിരുവനന്തപുരം: സിദ്ധാർത്ഥൻറെ മരണത്തിൽ ആൻറി റാംഗിംഗ് സ്ക്വാഡിൻറെ നിർണായകറിപ്പോർട്ടിലും അക്ഷയ്യുടെ പേരില്ല. വിമർശനവുമായി
സിദ്ധാർത്ഥിൻറെ അച്ഛൻ ജയപ്രകാശ്. പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥൻറെ മരണം വാർത്തയായത് മുതൽ തന്നെ കുടുംബം ആവർത്തിച്ചുപറയുന്നൊരു പേരാണ് അക്ഷയ്യുടേത്. അക്ഷയ് കേസിൽ സാക്ഷിയല്ല, അക്ഷയ്ക്ക് ഇതിൽ പങ്കുണ്ട്, അക്ഷയ് പ്രതി തന്നെയാണെന്നും ഇന്നും സിദ്ധാർത്ഥൻറെ അച്ഛൻ ആവർത്തിച്ചു. മകനോട് ഏറെ അടുപ്പമുണ്ടായിരുന്ന കൂട്ടുകാരൻ.അവന് മർദ്ദനമേറ്റിരുന്നപ്പോഴും ഫോണിൽ തങ്ങളോട് സംസാരിച്ചയാൾ, എന്നാൽ മകൻ മരിച്ചതിന് ശേഷം അയാളെ കണ്ടിട്ടോ ഫോണിൽ സംസാരിച്ചിട്ടോ ഇല്ലെന്നും ജയപ്രകാശ് നേരത്തെ വ്യക്തമാക്കിയതാണ്.സിദ്ധാർത്ഥിൻറെ അമ്മയും പലപ്പോഴായി ഇതേ പേര് ആവർത്തിച്ചുപറയുന്നുണ്ട്.
അതേസമയം അക്ഷയെ ആരൊക്കെയോ ചേർന്ന് സംരക്ഷിക്കുന്നുവെന്നാണ് ഉയരുന്ന ആരോപണം. നിലവിൽ അക്ഷയ് എവിടെയാണെന്നത് വ്യക്തമല്ല. ഇത്രയധികം ചർച്ചയായിട്ടും എന്താണ് ഈ കേസിൽ അക്ഷയുടെ പങ്ക് എന്നതും വ്യക്തമാകുന്നില്ല. ഇതിൽ വ്യക്തത വരണമെന്ന് തന്നെയാണ് സിദ്ധാർത്ഥൻറെ കുടുംബം ആവർത്തിച്ച് ആവശ്യപ്പെടുന്നത്.
സിദ്ധാർത്ഥനോട് ഏറെ അടുപ്പമുള്ള കൂട്ടുകാരനായിരുന്നു അക്ഷയ് എന്നും എന്നാൽ അക്ഷയ് സിദ്ധാർത്ഥനെ മർദ്ദിക്കുന്നതിൽ മുൻനിരയിലുണ്ടായിരുന്നുവെന്നും കുടുംബം ആദ്യം മുതൽ തന്നെ പരാതിപ്പെടുന്നുണ്ടായിരുന്നു.
പൊലീസ് ഇതുവരെ പിടികൂടിയ പ്രതികളിലോ പൊലീസ് റിപ്പോർട്ടുകളിലോ അക്ഷയ് ഇല്ല. ഇപ്പോൾ പുറത്തുവന്നിരിക്കുന്ന ആൻറി റാംഗിംഗ് സ്ക്വാഡിൻറെ റിപ്പോർട്ടിലും അക്ഷയുടെ പേരില്ലാത്തതിൽ സംശയം പ്രകടിപ്പിക്കുകയാണ് സിദ്ധാർത്ഥൻറെ അച്ഛൻ ജയപ്രകാശ്.അതേസമയം സിദ്ധാർത്ഥൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ പോയി കണ്ടു.സിബിഐ അന്വേഷണം നടത്താം എന്ന് മുഖ്യമന്ത്രി അറിയിച്ചുവെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട് അടക്കം കാണിച്ച് മുഖ്യമന്ത്രിയോട് എല്ലാ കാര്യങ്ങളും വിശദീകരിച്ചുവെന്നും ജയപ്രകാശ് വ്യക്തമാക്കിയിരുന്നു