ദുബായ്: കനത്ത മഴയെ തുടർന്ന് 1,244 വിമാനങ്ങളായിരുന്നു കഴിഞ്ഞ രണ്ടുദിവസത്തിനിടെ ദുബായിൽ റദ്ദാക്കിയത്. ഒട്ടേറെ വിമാനങ്ങളാണ് സമീപത്തെ വിമാനത്താവളങ്ങളിലേക്ക് വഴിതിരിച്ചുവിട്ടത്. ചിലത് അനിശ്ചിതമായി വൈകുകയും ചെയ്തു. ഇതോടെയാണ് സംവിധായകൻ ബ്ലെസ്സി ഉൾപ്പെടെയുള്ള ‘ആടുജീവിതം’ സിനിമയുടെ സംഘാടകർ എയർപോർട്ടിനുള്ളിൽ മണിക്കൂറുകളോളം കുടുങ്ങിയത്. കോഴിക്കോട് നിന്ന് ദുബായിലെത്തിയ നടൻ ഗോകുലും ഗായകൻ ജിതിനും 24 മണിക്കൂറോളമാണ് അൽ മക്തും വിമാനത്താവളത്തിൽ കുടുങ്ങി കിടന്നത്. ആടുജീവിതം സിനിമയിലെ ഇബ്രാഹിം ഖാദിരിയെപ്പോലെ ഒട്ടേറെ പേരാണ് ദൈവദൂതരായി ഭക്ഷണവും വെള്ളവുമായി എത്തിയതെന്നും ഗോകുൽ പറഞ്ഞു.
യുഎഇയിൽ മഴ ശമിച്ചെങ്കിലും പ്രവർത്തനങ്ങൾ സാധാരണ ഗതിയിലാകാൻ സമയമെടുത്തേക്കും. ദുരിതപ്പെയ്‌ത്തിനെ തുടർന്ന് നാല് പേരാണ് യുഎഇയിൽ മരിച്ചത്. മൂന്ന് ഫിലിപ്പീൻസ് സ്വദേശികൾ മരിച്ചുവെന്ന് കോൺസുലേറ്റ് അറിയിച്ചു. രണ്ടുപേർ വെള്ളത്തിൽ കുടുങ്ങിയ കാറിൽ ശ്വാസംമുട്ടിയാണ് മരിച്ചത്. നേരത്തെ റാസൽഖൈമയിൽ കാർ ഒഴുക്കിൽപ്പെട്ട് ഒരാൾ മരിച്ചിരുന്നു.കാലാവസ്ഥ അനൂകൂലമായതോടെ ടെർമിനൽ ഒന്നിലേക്കുള്ള വിമാന സർവീസുകൾ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം എമിറേറ്റ്സ് എയർലൈൻസ്, ഫ്ലൈ ദുബായ് തുടങ്ങിയവയും നിർത്തി വെച്ച സർവീസ് ഭാഗികമായി ആരംഭിച്ചു. വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടത് രാജ്യത്തേക്ക് പുറപ്പെട്ടവരെയും പ്രതിസന്ധിയിലാക്കി.24 മണിക്കൂറിനകം ദുബായ് രാജ്യാന്തര വിമാനത്താവളത്തിന്റെ പ്രവർത്തനം പൂർവ സ്ഥിതിയിലാകുമെന്ന് അധികൃതർ അറിയിച്ചു.