ചെന്നൈ: ലാൻഡ് ചെയ്യുന്നതിനിടെ വിമാനത്തിന്റെ ടയർ പൊട്ടിത്തെറിച്ച് അപകടം. മസ്‌കറ്റിൽ നിന്ന് 146 യാത്രക്കാരുമായി ചെന്നൈയിലെത്തിയ വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. വിമാനത്തിലുണ്ടായിരുന്ന എല്ലാ യാത്രക്കാരും സുരക്ഷിതരാണെന്ന് ചെന്നൈ എയർപോർട്ട് അധികൃതർ അറിയിച്ചു.(Aircraft from Muscat suffers tyre burst during landing at Chennai airport)
കഴിഞ്ഞ ദിവസം വൈകിട്ട് 5.30-ന് ചെന്നൈയിലെത്തിയ വിമാനത്തിൻറെ പിന്നിലെ ടയറുകളിൽ ഒന്നാണ് പൊട്ടിത്തെറിച്ചതെന്നാണ് റിപ്പോർട്ടുകൾ. ഒമാൻ എയർവെയ്സ് വിമാനത്തിന്റെ ടയറാണ് പൊട്ടിത്തെറിച്ചത്. സംഭവത്തെ തുടർന്ന് മടക്കയാത്ര റദ്ദാക്കി. എല്ലാ യാത്രക്കാർക്കും നഗരത്തിലുടനീളമുള്ള ഹോട്ടലുകളിൽ താമസസൗകര്യം ഒരുക്കിയിട്ടുണ്ട്.
വിമാനം പാർക്ക് ചെയ്തതിന് ശേഷമുള്ള പരിശോധനയിലാണ് ടയറിലെ കേടുപാട് ശ്രദ്ധയിൽപ്പെട്ടത്. ഡൽഹിയിൽ നിന്നോ മുംബൈയിൽ നിന്നോ പുതിയ ടയർ എത്തിക്കും. ലഭ്യമല്ലെങ്കിൽ മസ്‌കറ്റിൽ നിന്നും വിമാനത്തിൽ കൊണ്ടുവരും എന്നാണ് വിവരം.