മുംബൈ: മുംബൈയിൽ നിന്ന് പുറപ്പെട്ട എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി. മുംബൈയിൽ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനമാണ് ഒരു മണിക്കൂർ പറന്ന ശേഷം വീണ്ടും തിരിച്ചിറക്കിയത്. രാവിലെ 5.40ന് മുംബൈയിൽ നിന്നും പുറപ്പെട്ട വിമാനമാണ് തിരിച്ചിറക്കിയത്.
മന്ത്രി എ.കെ ശശീന്ദ്രൻ അടക്കം 50 ലേറെ യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു. സാങ്കേതിക തകരാർ കാരണം തിരിച്ചിറക്കിയെന്നാണ് വിശദീകരണം. യാത്രക്കാർ സുരക്ഷിതരാണ്. ഇവർക്ക് മറ്റൊരു വിമാനം ഏർപ്പെടുത്തുമെന്ന് എയർ ഇന്ത്യ അറിയിച്ചു.
മാസപ്പടി കേസിൽ സിബിഐ അന്വേഷണം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണ വിജയനുമെതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
സിഎംആർഎൽ- എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിലാണ് മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ട് പൊതുതാത്പര്യ ഹർജി ഹൈക്കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.
ആദായ നികുതി വകുപ്പിൻറെ ഇൻട്രിം സെറ്റിൽമെൻറ് ബോർഡിലെ രേഖകളുടെ അടിസ്ഥാനത്തിൽ അന്വേഷണം സിബിഐക്ക് വിടണമെന്നാണ് ഹർജിയിലെ ആവശ്യം. മാസപ്പടി കേസിൽ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു.
ഇതിനിടെ, സിഎംആർഎൽ-എക്സാലോജിക് മാസപ്പടി ഇടപാടിലെ എസ് എഫ് ഐ ഒ കുറ്റപത്രത്തിൽ എതിർകക്ഷികൾക്ക് നോട്ടീസ് അയക്കാനുള്ള നടപടികൾ കൊച്ചിയിലെ പ്രത്യേക കോടതിയിൽ പുരോഗമിക്കുകയാണ്.
മുഖ്യമന്ത്രിയുടെ മകൾ, ശശിധരൻ കർത്ത ഉൾപ്പടെയുള്ളവർക്ക് അടുത്ത ആഴ്ചയോടെ സമൻസ് അയക്കുമെന്നാണ് പുറത്തു വരുന്ന വിവരം.
അതേ സമയം, കേസിൽ അന്വേഷണം തുടരുന്ന ഇ ഡി കുറ്റപത്രത്തിന് പുറമേ മൊഴികളും രേഖകളും ആവശ്യപ്പെട്ട് കൊച്ചിയിലെ കോടതിയിൽ ഉടൻ അപേക്ഷ നൽകും.