മാനേജ്‌മെന്റിനെതിരെ പ്രതിഷേധിച്ച് കൂട്ട അവധിയെടുത്ത ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി എയർ ഇന്ത്യ എക്‌സ്‌പ്രസ്. മെഡിക്കൽ ലീവ് എടുത്ത് ജോലിക്ക് എത്താതിരുന്നവർക്ക് പിരിച്ചുവിടാൽ നോട്ടീസ് നൽകി. അപ്രതീക്ഷിത അവധിയെടുത്തത് ബോധപൂർവമാണെന്നാണ് കമ്പനിയുടെ വിലയിരുത്തൽ. കൂട്ടത്തോടെ മെഡിക്കൽ ലീവ് എടുത്തത് ആസൂത്രിതമാണെന്നും കാബിൻ ക്രൂവിന് നൽകിയ പിരിച്ചുവിടൽ കത്തിൽ എയർ ഇന്ത്യ എക്‌സ്‌പ്രസ് വ്യക്തമാക്കുന്നുണ്ട്.
കേരള സെക്റ്ററിൽ ആറ് ജീവനക്കാർക്കാണ് പിരിച്ചു വിടൽ നോട്ടീസ് നൽകിയിരിക്കുന്നത്.അതേസമയം സമരത്തെ തുടർന്ന് ഇന്നും കണ്ണൂരിൽ നിന്ന് നാല് വിമാനങ്ങൾ റദ്ദാക്കിയിരുന്നു. അവസാന നിമിഷമാണ് 4.20ന്റെ ഷാർജ വിമാനം റദ്ദാക്കിയതായി യാത്രക്കാർക്ക് അറിയിപ്പ് ലഭിച്ചത്. തുടർന്ന് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധിച്ചു. ഇന്നലെ കണ്ണൂരിൽ നിന്ന് പുലർച്ചെ പുറപ്പെടേണ്ട രണ്ട് എയർ ഇന്ത്യ എക്‌സ്‌പ്രസ് വിമാനങ്ങൾ റദ്ദാക്കിയിരുന്നു.
300 ക്യാബിൻ ക്രൂ അംഗങ്ങളാണ് കൂട്ടത്തോടെ സിക്ക് ലീവെടുത്തത്. ലീവ് എടുത്തവർ മൊബൈൽ ഫോണുകൾ സ്വിച്ച് ഓഫ് ചെയ്‌തതിനാൽ ബന്ധപ്പെടാനായില്ല. തുടർന്ന് 86 സർവീസുകളാണ് ഇന്നലെ മുടങ്ങിയത്. അപ്രതീക്ഷിതമായ പണിമുടക്കലിൽ ഇതുപതിനായിരത്തിലേറെ യാത്രക്കാരാണ് പ്രതിസന്ധിയിലായത്. ചൊവ്വാഴ്ച രാത്രിയാണ് അപ്രതീക്ഷിത സമരം ആരംഭിച്ചത്.