ന്യൂഡൽഹി: മനുഷ്യ-വന്യമൃഗ സംഘർഷം ലഘൂകരിക്കുന്നതിന്നും കേരളത്തിനുള്ള സഹായത്തിൽ കുറവെന്ന് കേന്ദ്രത്തിന്റെ കണക്കുകൾ.
പ്രോജക്ട് ടൈഗറിനായി 2021-22ൽ കേരളത്തിന് 8.68 കോടി അനുവദിച്ചപ്പോൾ 2023-24 പ്രോജക്ട് ടൈഗറിനും പ്രോജക്ട് എലിഫന്റിനും അനുവദിച്ച ഫണ്ട് 9.96 കോടി മാത്രമാണ്. കാലാവസ്ഥാ വ്യതിയാന മന്ത്രാലയം അഡ്വ.പി. സന്തോഷ് കുമാർ എം.പിയുടെ ചോദ്യത്തിന് നൽകിയ മറുപടിയിലാണ് ഈ കണക്കുകൾ ഉള്ളത്.
മനുഷ്യ-മൃഗ സംഘർഷങ്ങളുടെ എണ്ണത്തിൽ വൻ വർധന രേഖപ്പെടുത്തിയ കാലയളവിൽ തന്നെയാണ് ഫണ്ട് ചുരുക്കിയതെന്ന് സന്തോഷ്കുമാർ പറഞ്ഞു. കേരളത്തിന് പുറമെ, ഛത്തിസ്ഗഢ്, ഝാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങൾക്കും അനുവദിച്ച ഫണ്ടിലും ഗണ്യമായ കുറവുണ്ടായി.
കേരളത്തിലെ മനുഷ്യ-മൃഗ സംഘർഷങ്ങളെ കേന്ദ്രസർക്കാർ തീർത്തും അവഗണിച്ചിരിക്കുകയാണെന്നും സംഘർഷം നേരിടാൻ കേന്ദ്രസർക്കാറിന് പദ്ധതികളൊന്നുമില്ലെന്നാണ് മനസ്സിലാക്കുന്നതെന്നും എം.പി പറഞ്ഞു.
മനുഷ്യ- വന്യമൃഗ സംഘർഷം നിയന്ത്രിക്കുന്നതിന് ശാസ്ത്രീയവും സമഗ്രവും സുസ്ഥിരവുമായ സംവിധാനം വിഭാവനം ചെയ്യാൻ കേന്ദ്രസർക്കാർ നടപടിയെടുക്കണമെന്നും സന്തോഷ് കുമാർ എം.പി ആവശ്യപ്പെട്ടു.