വീട്ടിലെ വൈദ്യുതി ഉപയോഗം കൂടുതലാണോ കുറവാണോ എന്നറിയാൻ ബില്ല് വരണം. ബില്ല് വരുമ്പോഴാണ് പലരും കഴിഞ്ഞ മാസത്തെ വൈദ്യുത ഉപയോഗം സംബന്ധിച്ച് താരതമ്യം ചെയ്യുന്നത്. എന്നാൽ വീട്ടിലെ വൈദ്യുതി ഉപയോഗം കൂടിയോ എന്നറിയാൻ പുതിയ സംവിധാനം വരുന്നു.
വീട്ടിലെ വൈദ്യുതി ഉപയോഗം കൂടുമ്പോൾ സന്ദേശമയക്കാൻ നിർമ്മിതബുദ്ധിയെ (എഐ) ആശ്രയിക്കാനൊരുങ്ങുകയാണ് കെ.എസ്.ഇ.ബി. ഉപയോഗിക്കുന്ന വൈദ്യുതിയുടെ കണക്ക് അതാതുസമയത്ത് എഐ സംവിധാനത്തിലൂടെ ഉപഭോക്താവിന്റെ മൊബൈൽ ഫോണിലേക്ക് സന്ദേശമായി അറിയിക്കുന്നതാണ് പദ്ധതി.
കേരളത്തിൽ വൈദ്യുതി ഉപയോഗിക്കുന്ന 1.385 കോടി ഉപഭോക്താക്കളുണ്ട്. ഇവരുടെ രജിസ്റ്റർചെയ്ത മൊബൈൽ നമ്പർ അടക്കം എല്ലാ ഡേറ്റയും കെ.എസ്.ഇ.ബി.യുടെ കൈയിലുണ്ട്. മുൻവർഷങ്ങളിൽ ഉപയോഗിച്ച വൈദ്യുതി ലോഡ്, ഇപ്പോഴുണ്ടായ വർധന, അത് കുറയ്ക്കാനുള്ള മാർഗം ഉൾപ്പെടെ എല്ലാം പറഞ്ഞുതരുന്ന എ.ഐ സംവിധാനമാണ് വരാൻ പോകുന്നത്. വൈദ്യുതി ലോഡിൽ ചരിത്രത്തിലാദ്യമായി ഏപ്രിൽ-മെയ് മാസത്തിൽ വൻവർധന രേഖപ്പെടുത്തിയ സാഹചര്യത്തിലാണ് വൈദ്യുതി വകുപ്പിൻ്റെ ഈ നീക്കം.
മേയ് ആദ്യവാരം പീക്ക് ലോഡ് 5797 മെഗാവാട്ട് രേഖപ്പെടുത്തിയിരുന്നു. കേരളത്തിലേക്ക് മറ്റു സംസ്ഥാനങ്ങളിൽനിന്ന് വൈദ്യുതിയെത്തിക്കാനുള്ള ലൈൻ ശേഷി 4200 മെഗാവാട്ടാണ്. കേരളത്തിനകത്ത് ഉത്പാദിപ്പിക്കുന്നത് 1600 മെഗാവാട്ടും. ആകെ 5800 മെഗാവാട്ട്. ഇതിനുമുകളിൽ വന്നാൽ ലോഡ് ഷെഡ്ഡിങ് മാത്രമാണ് വൈദ്യുതി വകുപ്പിന്റെ മുൻപിലുള്ള പ്രതിവിധി. ഇത് തടയാനാണ് ഐ.ഐ. ബോധവത്കരണം കൊണ്ട് ലക്ഷ്യമിടുന്നത്.
ഇതുമായി ബന്ധപ്പെട്ട് കേരളത്തിലെ ചില എഐ എജൻസികളുമായും വൈദ്യുതി വകുപ്പ് ചർച്ച ചെയ്തിട്ടുണ്ടെന്നാണ് വിവരം. മുംബൈയിൽ ദി ബൃഹൻ മുംബൈ ഇലക്‌ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് അണ്ടർ ടേക്കിങ് (ബെസ്റ്റ്) ഈ സംവിധാനം നടപ്പാക്കുന്നുണ്ട്. അതിന്റെ പ്രവർത്തനം കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ പഠിച്ചു വരികയാണ്.