എഡ്യൂടെക് കമ്പനിയായ ബൈജൂസിന് വീണ്ടും കനത്ത തിരിച്ചടിയായി അമേരിക്കൻ കോടതി വിധി. ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രൻ, സഹോദരൻ റിജു രവീന്ദ്രൻ, തിങ്ക് & ലേൺ , ഹെഡ്ജ് ഫണ്ട് ആയ കാംഷാഫ്റ്റ് ക്യാപിറ്റൽ എന്നിവർക്കെതിരെ 533 മില്യൺ ഡോളർ നിക്ഷേപം ഒളിപ്പിച്ചതിൽ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി.
ബൈജൂസിൻറെ യുഎസ് അനുബന്ധ കമ്പനിയായ ആൽഫയുടെ ഡയറക്ടർ എന്ന നിലയിൽ റിജു രവീന്ദ്രൻ തൻറെ കടമകൾ ലംഘിച്ചുവെന്നും കോടതി കണ്ടെത്തി. 1.2 ബില്യൺ ഡോളറും 533 മില്യൺ ഡോളറും തിരിച്ചടയ്ക്കണമെന്ന് ആവശ്യപ്പെട്ട് വായ്പാദാതാക്കൾ ബൈജൂസുമായി നിയമപോരാട്ടത്തിലായിരുന്നു. ഇക്കാര്യത്തിലാണ് ഇപ്പോൾ കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്.
37 ധനകാര്യ സ്ഥാപനങ്ങളുടെ കൺസോർഷ്യം ആണ് ബൈജൂസിന് 1.2 ബില്യൺ ഡോളർ വായ്പ അനുവദിച്ചത്. വായ്പാ ഉടമ്പടി പ്രകാരം വായ്പ നൽകുന്നവർക്ക് വേണ്ടി പ്രവർത്തിക്കാൻ ഒരു ട്രസ്റ്റിന് അധികാരം നൽകുകയും ചെയ്തു. 2023 മാർച്ചിൽ ബൈജൂസ് പ്രതിസന്ധിയിലായതോടെ വായ്പാ ദാതാക്കൾ ബൈജൂസിന് നോട്ടീസയച്ചു.
ബൈജൂസ് ആൽഫ ഇങ്കിൻറെ നിയന്ത്രണം ഏറ്റെടുക്കാൻ വായ്പാ ദാതാക്കളെ പ്രതിനിധീകരിച്ച് ഗ്ലാസ് ട്രസ്റ്റ് ശ്രമം തുടങ്ങിയതോടെ ബൈജൂസ് ഡെലവെയർ സുപ്രീം കോടതിയിൽ ഒരു അപ്പീൽ ഫയൽ ചെയ്യുകയായിരുന്നു. ന്യൂയോർക്ക് കോടതിയിൽ ഒരു കേസ് നിലനിൽക്കുന്നതിനാൽ ഈ കേസ് തള്ളിക്കളയണമെന്നായിരുന്നു ബൈജൂസ് ഭാഗത്തിന്റെ വാദം. ഇത് പക്ഷെ കോടതി തള്ളുകയായിരുന്നു.