തൃശ്ശൂർ: ശ്രീനാരായണപുരത്ത് വയോധികയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ കേസിൽ സഹോദരിയുടെ മകനെ അറസ്റ്റ് ചെയ്തു. തങ്കമണിയെന്ന 67 വയസുകാരി കൊല്ലപ്പെട്ട കേസിലാണ് അറസ്റ്റ്. ശ്രീകൃഷ്ണപുരം സ്വദേശി ശ്യാംലാലിനെ(34)യാണ് മതിലകം പൊലീസ് അറസ്റ്റ് ചെയ്തത്.
ശ്യാംലാലിന്‍റെ അമ്മയുടെ സഹോദരി തങ്കമണി സദാനന്ദൻ കൊല്ലപ്പെട്ടത് കഴിഞ്ഞ ബുധനാഴ്ചയായിരുന്നു. നേരിയ മാനസിക അസ്വാസ്ഥ്യമുള്ള തങ്കമണി ആശുപത്രിയിലേക്ക് പോകുംവഴിയാണ് ശ്വാസം മുട്ടി മരിച്ചത്. സ്വാഭാവിക മരണമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ മരണത്തിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാർ പൊലീസിനോട് സംശയം പറഞ്ഞു.
തുടർന്ന് നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം ശ്വാസം മുട്ടിയാണെന്ന് തെളിഞ്ഞത്. ആശുപത്രിയിൽ പോകുമ്പോൾ വാഹനത്തിൽ ഒപ്പമുണ്ടായിരുന്ന ശ്യാംലാലിനെ ചോദ്യം ചെയ്തതോടെ ഇയാൾ കുറ്റം സമ്മതിച്ചു. തോർത്ത് കൊണ്ട് വായും മൂക്കും മൂടിക്കെട്ടി ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. പ്രതിയെ തങ്കമണിയുടെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി.