ന്യൂഡൽഹി: രാജ്യാന്തര വിപണിയിൽ അസംസ്‌കൃത എണ്ണവില ഉയരുന്നു. മിഡിൽഈസ്റ്റിലും റഷ്യയും യുക്രൈനും തമ്മിലും സംഘർഷം വർധിക്കുന്നതും അമേരിക്കയിലെ എണ്ണ ഉൽപ്പാദനം കുറയുന്നതും അടക്കമുള്ള കാരണങ്ങളാണ് എണ്ണവിലയെ സ്വാധീനിക്കുന്നത്.
ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെൻഡ് ക്രൂഡിന്റെ വിലയിൽ 0.3 ശതമാനത്തിന്റെ വർധനയാണ് രേഖപ്പെടുത്തിയത്. നിലവിൽ ബാരലിന് 86 ഡോളറിലേക്ക് അടുക്കുകയാണ് ബ്രെൻഡ് ക്രൂഡ് വില. വെസ്റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് ക്രൂഡിന്റെ വില ബാരലിന് 81 ലേക്ക് അടുക്കുകയാണ്.
ഭൗമരാഷ്ട്രീയ സാഹചര്യങ്ങളാണ് പ്രധാനമായി എണ്ണ വില ഉയരാൻ കാരണമെന്നാണ് വിദഗ്ധർ പറയുന്നത്. റഷ്യയും യുക്രൈനും തമ്മിലുള്ള യുദ്ധം തുടരുന്നതിനിടെ, ഊർജ്ജ സ്രോതസ്സുകൾ ലക്ഷ്യമാക്കി ആക്രമണം വർധിക്കുന്നതും മിഡിൽഈസ്റ്റിൽ വെടിനിർത്തൽ പ്രതീക്ഷകൾക്ക് മങ്ങലേറ്റതുമാണ് എണ്ണ വില ഉയരാനുള്ള പ്രധാന കാരണങ്ങൾ. പ്രതികൂലമായ സാഹചര്യം എണ്ണ വിതരണത്തെ ബാധിക്കുമോ എന്നാണ് ആശങ്കപ്പെടുന്നത്. ഇതിന് പുറമേ അമേരിക്കയിൽ എണ്ണ ഉൽപ്പാദനം കുറയുന്നതും ആശങ്ക വർധിപ്പിക്കുന്നതായും വിദഗ്ധർ പറയുന്നു.