ഭർത്താവിനെപ്പോലെ മകനും മദ്യപാനി ആയാലോ എന്ന ആശങ്കയിൽ മകനെ വിഷം നൽകി കൊലപ്പെടുത്താൻ ശ്രമിച്ച അമ്മ അറസ്റ്റിൽ. ഇടുക്കി കാന്തല്ലൂരിലാണ് സംഭവം. ചിന്നാർ വന്യജീവി സങ്കേതത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന ചമ്പക്കാട് ഗോത്രവർഗ്ഗ കോളനിയിലാണ് ചൊവ്വാഴ്ച രാവിലെ സംഭവം ഉണ്ടായത്. മകനെ വിഷം കൊടുത്തു കൊല്ലപ്പെടുത്താൻ ശ്രമിച്ച കേസിൽ കോളനിയിൽ താമസിക്കുന്ന ശെൽവിയെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. മകനും സ്ഥിരം മദ്യപിച്ചു വന്ന ബഹളമുണ്ടാക്കുന്ന ഭർത്താവിനെപ്പോലെ ആകുമോ എന്ന ഭയം മൂലമാണ് കുഞ്ഞിന് വിഷം നൽകിയതെന്ന് യുവതി പറഞ്ഞു. വിഷം ഉള്ളിൽ ചെന്ന് അവശനിലയിൽ ആയ രണ്ടു വയസ്സുകാരൻ നീരജിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ:
വന്യജീവി സങ്കേതത്തിലെ താൽക്കാലിക ജീവനക്കാരനാണ് ശെൽവിയുടെ ഭർത്താവായ ഷാജി. കടുത്ത മദ്യപാനിയായ ഇയാൾ മദ്യപിച്ച് വീട്ടിലെത്തി ബഹളം ഉണ്ടാക്കുക പതിവായിരുന്നു. വീട്ടിലെ ഗ്യാസ് കുറ്റി ഉൾപ്പെടെ വിറ്റ് മദ്യപിച്ച് ഷാജിയെ കഴിഞ്ഞദിവസം പോലീസ് വിളിച്ചുവരുത്തി താക്കീത് നൽകി വിട്ടിരുന്നു. എന്നാൽ ചൊവ്വാഴ്ച രാവിലെയും ഷാജി മദ്യപിച്ചെത്തി ബഹളം ഉണ്ടാക്കി. ഇതോടെ മനോവിഷമത്തിൽ ആയ സെൽവി, മകനും വളർന്നു വലുതാകുമ്പോൾ ഭർത്താവിനെപ്പോലെയാകും എന്നു കരുതിയാണ് വിഷം നൽകി കൊല്ലാൻ ശ്രമിച്ചത്. ചോറിൽ കീടനാശിനികലർത്തിയാണ് ശെൽവി നീരജിന് കൊടുത്തത്. വിഷത്തിന്റെ രൂക്ഷഗന്ധം പടർന്നതോടെ വീട്ടിലെത്തിയ സമീപവാസികൾ കണ്ടത് വിഷം ചേർന്ന് ചോറ് കഴിച്ച് അവശനിലയിൽ ആയ നീരജിനേയും അടുത്തിരുന്ന് കരയുന്ന ശെൽവിയെയുമാണ്. മകന് വിഷം നൽകിയശേഷം ആത്മഹത്യ ചെയ്യാൻ ആയിരുന്നു പദ്ധതിയെന്ന് ഓടിക്കൂടിയവരോട് സെൽവി പറഞ്ഞു. ഗ്രാമവാസികൾ മറയൂർ ട്രൈബൽ ഓഫീസുമായി ബന്ധപ്പെട്ട പോലീസിൽ വിവരമറിയിക്കുകയായിരുന്നു. പോലീസ് എത്തിയാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.