അഡ്വ. ഹാരിസ് ബീരാൻ മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർത്ഥി. ലീഗ് ഉന്നതാധികാര സമിതി യോഗത്തിലാണ് തീരുമാനം. എല്ലാ കാര്യങ്ങളും പരിഗണിച്ചാണ് ഹാരിസ് ബീരാനെ തിരഞ്ഞെടുത്തത് എന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ വ്യക്തമാക്കി. മൂന്ന് മണിക്ക് നോമിനേഷൻ കൊടുക്കുമെന്നും ലീഗ് ഉന്നതാധികാര സമിതി യോഗം ചേർന്നാണ് തീരുമാനമെന്നും നേതാക്കൾ അറിയിച്ചു. (Adv. Harris Beeran named as Muslim League Rajya Sabha candidate)
രാജ്യസഭാ സ്ഥാനാർത്ഥിത്വവുമായി ബന്ധപ്പെട്ട് വിശദമായ ചർച്ച നടന്നുവെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഹാരിസ് ബീരാന്റെ പേര് ഒറ്റക്കെട്ടായാണ് പാര്‍ട്ടി തീരുമാനിച്ചത് എന്നും ലീഗ് നേതാക്കള്‍ വിശദീകരിച്ചു. എറണാകുളം ആലുവ സ്വദേശിയായ ഹാരിസ് ബീരാൻ സുപ്രീം കോടതി അഭിഭാഷകനാണ്.
എറണാകുളം മഹാരാജാസ് കോളേജിൽ എംഎസ്എഫ് യൂണിറ്റ് പ്രസിഡന്റായിരുന്നു. എറണാകുളം ലോ കോളേജിലും എംഎസ്എഫിന് വേണ്ടി രംഗത്തുണ്ടായിരുന്ന ഹാരിസ് ബീരാൻ 1998 മുതൽ ഡൽഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്.
പ്രവാസി വോട്ടവകാശത്തിന് വേണ്ടിയും ജാതി സെൻസസ് നടപ്പാക്കുന്നതിനും ഹാരിസ് ബീരാൻ നിയമപോരാട്ടം നടത്തിയിട്ടുണ്ട്. ഓൾ ഇന്ത്യ ലോയേഴ്‌സ് ഫോറം ദേശീയ കൺവീനറായും പ്രവർത്തിക്കുന്നുണ്ട്. നിയമരംഗത്തെ പ്രാഗത്ഭ്യത്തിന് നിരവധി ദേശീയ, അന്തർദ്ദേശീയ പുരസ്‌ക്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്.
Read More: ഡിസിസി ഓഫീസിലെ തമ്മിലടി; പ്രസിഡന്റ് ജോസ് വള്ളൂരും എംപി വിന്‍സെന്റും രാജിവെച്ചു
Read More: മോദി അധികാരമേറ്റു; ആദ്യം ഒപ്പുവച്ചത് പിഎം കിസാന്‍ നിധി ഫയലില്‍, 9.3 കോടി കർഷകർക്ക് പ്രയോജനം