കൊച്ചി: അഡ്വ ബി എ ആളൂർ അന്തരിച്ചു. വൃക്ക സംബന്ധമായ രോഗങ്ങളെ തുടർന്ന് ചികിത്സയിൽ ആയിരുന്നു. എറണാകുളം ലിസി ആശുപത്രിയിൽ ആയിരുന്നു അന്ത്യം.
ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിച്ചപ്പോഴും കൂടത്തായി ജോളിക്ക് വേണ്ടി ഹാജരായപ്പോഴും ആളൂർ വലിയ ചർച്ചയായി. കോളിളക്കം സൃഷ്ടിക്കുന്ന വാർത്തകളിൽ പ്രതിഭാഗം വാദിക്കാനെത്തുന്നത് ആളൂരിന്റെ പതിവായിരുന്നു.
1999ൽ ആണ് ആളൂർ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. നാല് വർഷത്തോളം കേരളത്തിലെ വിവിധ കോടതികളിൽ പ്രാക്ടീസ് ചെയ്തു. ക്രിമിനൽ കേസുകൾക്ക് തന്നെയായിരുന്നു തുടക്കം മുതൽ പ്രാധാന്യം കൊടുത്തത്.
ശ്വാസ തടസ്സത്തെ തുടർന്ന് ഇന്ന് രാവിലെയാണ് ആളൂരിനെആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇലന്തൂർ നരബലിക്കേസിലും പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ ബലാത്സംഗക്കൊലയിലും പ്രതികൾക്കായി ആളൂർ പ്രതികൾക്കു വേണ്ടി എത്തി. നടി ആക്രമിക്കപ്പെട്ട കേസിൽ പ്രതി പൾസർ സുനിക്കായി ആദ്യ ഘട്ടത്തിൽ വാദിക്കാൻ എത്തിയതും ആളൂരായിരുന്നു.
പ്രതിഭാഗത്തിനുവേണ്ടി ഹാജരായതിലൂടെ കുപ്രസിദ്ധനായി മാറി അഡ്വ. ബി എ ആളൂർ എന്നറിയപ്പെടുന്ന ബിജു ആന്റണി ആളൂർ എന്ന തൃശൂർ മുള്ളൂർക്കരക്കാരൻ. ആരാണീ ആളൂരെന്നും ഇയാൾ എന്തിനാണ് വിവാദ കേസുകളിൽ ഹാജരാകുന്നതെന്നും കേരളം അന്വേഷിച്ചുതുടങ്ങിയത് അങ്ങനെയാണ്.
ലക്ഷങ്ങൾ വാങ്ങി മുംബൈയിൽ നിന്ന് അഭിഭാഷകപ്പട ഗോവിന്ദസ്വാമിക്കുവേണ്ടി വാദിക്കാൻ കോടതിയിലെത്തുമെന്നായിരുന്നു പ്രചരണം. ഇതിനു പിന്നാലെ അഡ്വ. ബി എ ആളൂർ എന്ന ഉത്തരേന്ത്യൻ വക്കീലാണ് എത്തുന്നതെന്ന വിവരം അറിഞ്ഞത്.
പിന്നീടുള്ള അന്വേഷണങ്ങളിൽ വടക്കാഞ്ചേരിക്കടുത്ത് മുള്ളൂർക്കരയിലെ ആളൂർ വീട്ടിൽ ബിജു ആന്റണിയെന്ന അഡ്വ. ബിഎ ആളൂർ ആണ് ഈ ‘ഉത്തരേന്ത്യക്കാരൻ വക്കീൽ’ എന്ന് തിരിച്ചറിയുന്നത്.
വർഷങ്ങളായി പുനെ കോടതിയിൽ പ്രവർത്തിക്കുന്ന ആളൂർ ഈ കേസിനു മാത്രമായി നാട്ടിലെത്തുകയും പൂർണ സമയം ഇതിനായി ചെലവഴിക്കുകയും ചെയ്തതോടെ വിചാരണയ്ക്കായി ഇടയ്ക്കിടെ വിമാനത്തിൽ വന്നുപോകുന്നതിനെപ്പറ്റിയും അന്വേഷണങ്ങൾ ഉയർന്നുവന്നു.
വടക്കാഞ്ചേരി കോടതിയിൽ മൂന്നര വർഷം പ്രാക്ടിസ് ചെയ്ത ശേഷം മുംബൈക്ക് വണ്ടി കയറിയ ബി.എ.ആളൂർ പുണെയില് പ്രമാദമായ നിരവധി കേസുകളില് ഗൗണണിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
കൊലപാതക ലൈംഗിക കൃത്യകേസുകളിലെ പ്രതികൾക്കുവേണ്ടിയായിരുന്നു ഇവയിലേറെയുമെന്ന് അവിടെ ചെന്ന് അന്വേഷണം നടത്തിയ തൃശൂരിലെ പൊലീസുകാർ പറഞ്ഞിരുന്നു.
സംഘംചേർന്നുള്ള കുറ്റകൃത്യങ്ങളിൽ ഒന്നോ രണ്ടോ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തി ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. പ്രമാദമായ നീരജ ഗുപ്ത കൊലക്കേസിലും ഇത്തരത്തിൽ ഒരുപ്രതിക്കുവേണ്ടി ഹാജരായിരുന്നു.
മുംബൈ പനവേലിൽ പൊലീസ് സ്്റ്റേഷൻ ആക്രമിച്ച ഗുണ്ടാസംഘത്തിന്റെ കേസ് ആളൂർ വാദിച്ചിരുന്നതായി വാർത്തകൾ വന്നതോടെ ഗോവിന്ദസ്വാമിയും ഇത്തരത്തിൽ ട്രെയിനുകൾ കേന്ദ്രീകരിച്ച് കവർച്ച നടത്തുന്ന സംഘത്തിലെ കണ്ണിയാണെന്നും ആ ബന്ധമാണ് ആളൂരിനെ സൗമ്യ കേസിൽ പ്രതിക്കുവേണ്ടി എത്തിച്ചതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ആളൂരിന്റെ അഭിഭാഷക സംഘത്തിൽ ഇത്തരത്തിലുള്ള കേസുകൾ വാദിക്കാനുള്ള നിരവധി അഭിഭാഷകരുണ്ട്. അമിതാഭ് ബച്ചനെതിരെ മുംബൈയിലെ പത്രപ്രവർത്തകൻ നൽകിയ നികുതിവെട്ടിപ്പുകേസിൽ പത്രപ്രവർത്തകനുവേണ്ടി താൻ ഹാജരായത് ആളുരായിരുന്നു. ബണ്ടിചോർ എന്ന കുറ്റവാളിക്കുവേണ്ടിയും ആളൂർ കേസ് വാദിക്കാനെത്തി.