പത്തനംതിട്ട: കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ വിജയനെതിരെ ആരോപണവുമായി എഡിഎം നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ. കലക്ടര്‍ പറയുന്നത് വെറും നുണയാണ്. എഡിഎം കുറ്റസമ്മതം നടത്തിയെന്ന കലക്ടറുടെ വാക്കുകള്‍ വിശ്വസിക്കാന്‍ സാധിക്കുന്നതല്ല എന്ന് മഞ്ജുഷ പറഞ്ഞു. കീഴ് ജീവനക്കാരോട് മോശമായി പെരുമാറുന്നയാളാണ്, നവീന്‍ബാബു ഒന്നും തുറന്നു പറയില്ലെന്ന് ഉറപ്പാണെന്നും മഞ്ജുഷ പ്രതികരിച്ചു.(ADM Naveen babu’s wife Manjusha against kannur collector Arun K Vijayan)
തന്റെ സഹപ്രവര്‍ത്തകരോട് ഒരിക്കലും സൗഹാര്‍ദ്ദപരമായി പെരുമാറാത്ത ആളാണ് കലക്ടർ. നവീന്‍ബാബുവിന് ഒരു ആത്മബന്ധവുമില്ല. അദ്ദേഹത്തോട് എല്ലാം തുറന്നുപറഞ്ഞു എന്നു പറയുന്നത് ഒരിക്കലും വിശ്വസിക്കാന്‍ പറ്റുന്നതല്ല. കണ്ണൂര്‍ കലക്ടറേറ്റിലെ ആരും ഇതു വിശ്വസിക്കാന്‍ സാധ്യതയില്ല എന്നും മഞ്ജുഷ പറഞ്ഞു.
കേസില്‍ നിയമപരമായി എല്ലാ സാധ്യതയും തേടും. ഈ വിഷയത്തില്‍ ശക്തമായി മുന്നോട്ടു പോകാനാണ് കുടുംബത്തിന്റെ തീരുമാനം. നീതിക്കായി ഏതറ്റം വരെയും പോകുമെന്ന് മഞ്ജുഷ പറഞ്ഞു. നവീന്‍ബാബുവിന്റെ സംസ്‌കാരചടങ്ങിലേക്ക് കലക്ടര്‍ വരേണ്ടതില്ലെന്ന് തീരുമാനിച്ചത് താനാണെന്നും മഞ്ജുഷ വ്യക്തമാക്കി.