തിരുവനന്തപുരം: 16 വർഷം മുമ്പ് അച്ഛൻ വിനോദ് ഹൃദയാഘാതം വന്ന് മരിച്ചു. അതോടെ ജീവിതം ഇരുട്ടിലായി. ജീവിത പ്രതിസന്ധികളിൽ തളരാതെ പഠിക്കാനാണ് ആദിത്യ ഫുഡ് ഡെലിവറി ഗേൾ ആയത്. അമ്മ ബിനി ചാല മാർക്കറ്റിലെ ജീവനക്കാരി. അമ്മയെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് സൊമാറ്റോ ഡെലിവറി ആരംഭിച്ചത്.കാര്യവട്ടം ക്യാമ്പസിലെ എം.എ സോഷ്യോളജി ഒന്നാംവർഷ വിദ്യാർത്ഥിനി പഠനച്ചെലവുകൾ കണ്ടെത്തുന്നത് ഫുഡ് ഡെലിവറിയിലൂടെയാണ്.
സൊമാറ്റോയുടെ ഫുഡ് ഡെലിവറി ഗേൾ ആയ ആദിത്യ വിനോദ് (21) ആക്ടീവ സ്‌കൂട്ടറിൽ പറക്കുന്നത് ഐ. എ. എസ് എന്ന സ്വപ്നം സാക്ഷാത്കരിക്കാനാണ്. ഇയർഫോണിൽ ക്ലാസുകൾ കേട്ടുകൊണ്ടാവും പലപ്പോഴും യാത്രകൾ.കോച്ചിംഗ് അക്കാഡമികളുടെ ഭീമമായ ഫീസ് താങ്ങാനാവാതെയാണ് കൊവിഡ് കാലത്ത് ആദിത്യ സിവിൽ സർവീസ് കോച്ചിംഗ് ഉപേക്ഷിച്ചത്. സ്ഥിരവരുമാനമുള്ള ജോലി വേണം. സിവിൽ സർവീസ് പഠനം തുടരണം എന്നാണ് ആദിത്യയുടെ ആഗ്രഹം.
കുട്ടികൾക്ക് ട്യൂഷൻ എടുത്തും സമ്പാദിക്കുന്നുണ്ട്. പരീക്ഷ അടുക്കുമ്പോൾ സൊമാറ്റോ ഓട്ടം ഇല്ല.ഓൾ സെയിന്റ്സിൽ ആർച്ചെറിയും ബോക്സിംഗും ചെയ്തിരുന്നു. ആർച്ചെറിയിൽ ഇന്റർ-കോളേജ് മത്സരത്തിൽ വിജയിച്ചിട്ടുണ്ട്. എസ്.വി.സിയിൽ (സ്റ്റുഡന്റ് വോളന്റിയർ കോർ) നിന്ന് പഠിച്ചിറങ്ങിയ കുട്ടികളുടെ സംഘടനയുടെ തിരുവനന്തപുരം ജില്ലാ കോർഡിനേറ്ററാണ്.മണക്കാട് ഗേൾസിലായിരുന്നു സ്കൂൾ പഠനം. സഹോദരി ആര്യ. ബി.എസ്.സി നേഴ്സിംഗ് വിദ്യാർത്ഥിയാണ്. തിരുവനന്തപുരം തിരുവല്ലത്താണ് താമസം.
ഓൾ സെയിന്റ്സ് കോളേജിലെ ബി.എസ്.സി ഫിസിക്സ് പഠനത്തിനിടെയാണ് സൊമാറ്റോയിൽ ഓടിത്തുടങ്ങുന്നത്. ക്ലാസില്ലാത്ത ദിവസങ്ങളിലാണ് കൂടുതലും ഓട്ടം. ചിലപ്പോൾ ക്ലാസ് കഴിഞ്ഞ് 6.30 വരെ ഓടും. നഗരത്തിലെല്ലായിടത്തും ഡെലിവറി ചെയ്യും. ദിവസവരുമാനം 600 – 1300രൂപ. കോളേജ് ഫീസ് 5000. പെട്രോളും ആക്ടീവയുടെ ലോണും കിഴിച്ചുള്ള തുക സ്വരുക്കൂട്ടിവയ്ക്കും.