തിരുവനന്തപുരം: ചീഫ് സെക്രട്ടറിയായി എ.ജയതിലക് ചുമതല ഏൽക്കും മുമ്പ് എൻ.പ്രശാന്തിന്റെ കാര്യത്തിൽ തീരുമാനമെടുക്കാൻ തിരക്കിട്ട നീക്കം.
ഈ മാസം ശാരദ മുരളീധരൻ വിരമിക്കുമ്പോൾ എ.ജയതിലക് ചീഫ് സെക്രട്ടറിയാകാനുള്ള സാധ്യതയുമുണ്ട്. അതുകൂടി കണക്കിലെടുത്താണ് തീരുമാനമെന്നാണ് സൂചന. കഴിഞ്ഞ നവംബർ 11 നാണ് പ്രശാന്തിനെ സസ്‌പെൻഡ് ചെയ്തത്.
സസ്‌പെൻഷനിലുള്ള ഐ.എ.എസ് ഉദ്യോഗസ്ഥൻ എൻ.പ്രശാന്തിന്റെ പരാതികൾ നേരിട്ടുകേട്ട് ഉടൻ പരിഹരിക്കണമെന്ന് മുഖ്യമന്ത്രി നിർദേശിച്ചു.
നിർദേശമനുസരിച്ച് അടുത്തയാഴ്ച ഹാജരാകാൻ ചീഫ് സെക്രട്ടറി പ്രശാന്തിന് നോട്ടീസ് അയച്ചു. ചീഫ് സെക്രട്ടറി നേരിട്ട് ഹിയറിംഗ് നടത്തിയാകും പ്രശാന്തിന്റെ പരാതികൾ തീർപ്പാക്കുക.
തന്നെ കേൾക്കാതെതന്നെ സസ്‌പെൻഷൻ നടപടിയെടുത്തു എന്നുള്ളതായിരുന്നു എൻ.പ്രശാന്തിന്റെ പ്രധാന ആക്ഷേപം. അഡിഷണൽ ചീഫ് സെക്രട്ടറി എ. ജയതിലകിനെതിരെ പ്രശാന്തിന്റെ പേരിൽ വന്ന സമൂഹമാദ്ധ്യമപോസ്റ്റ് വ്യാജമാണെന്നു ചൂണ്ടിക്കാണിച്ച് വക്കീൽ നോട്ടിസും അയച്ചിരുന്നു.
കഴിഞ്ഞ ദിവസം ചീഫ് സെക്രട്ടറിയുടെ അദ്ധ്യക്ഷതയിൽ കൂടിയ പ്രത്യേക കമ്മിറ്റി പ്രശാന്തിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് തയ്യാറാക്കിയ ഫയൽ മുഖ്യമന്ത്രിക്ക് കൈമാറിയിരുന്നു.
കേരള കേഡർ ഐ.എ.എസുകാരിൽ കേന്ദ്ര ഗ്രാമവികസന സെക്രട്ടറി മനോജ് ജോഷിയാണ് ഏറ്റവും മുതിർന്ന ഉദ്യോഗസ്ഥൻ. 1989 ബാച്ചുകാരനായ മനോജ് ജോഷിക്ക് പക്ഷേ ഡെപ്യൂട്ടേഷനിൽ നിന്ന് മടങ്ങിവരാൻ താത്പര്യമില്ലെന്നാണ് വിവരം. രാജസ്ഥാൻ സ്വദേശിയായ മനോജ് നേരത്തെ രണ്ടു തവണ ചീഫ്സെക്രട്ടറിയാകാനുള്ള അവസരം നിരാകരിച്ചിരുന്നു.
ഡോ. ജയതിലക്, പാർലമെന്ററികാര്യ പ്രിൻസിപ്പൽ സെക്രട്ടറി രാജു നാരായണസ്വാമി, ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി, രചന ഷാ എന്നിവരാണ് പിന്നെയുള്ള സീനിയർ ഐ.എ.എസുകാർ.
കേന്ദ്ര ടെക്സ്‌റ്റൈൽ മന്ത്രാലയത്തിൽ സെക്രട്ടറിയായ രചനാ ഷായും മടങ്ങിവരാനിടയില്ലെന്നാണ് റിപ്പോർട്ടുകൾ. ഉന്നത വിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ഇഷിത റോയി ഈ മാസം 31ന് വിരമിക്കുകയും ചെയ്യും.
അഡിഷണൽ ചീഫ് സെക്രട്ടറിയുടെ ഗ്രേഡ് ഇല്ലാത്തതിനാൽ രാജു നാരായണസ്വാമിക്ക് സാദ്ധ്യത വളരെ കുറവാണ്. ഇതോടെയാണ് 1991 ബാച്ചിലെ എ ജയതിലകിന് ചീഫ് സെക്രട്ടറിയാകാൻ സാധ്യതയേറിയത്. ജയതിലകിന് 2026 ജൂൺ വരെ കാലാവധിയുണ്ട്.
മുതിർന്ന ഐ.എ.എസുകാരിൽ കെ.എസ്.ഇ.ബി ചെയർമാൻ ബിജു പ്രഭാകർ ഏപ്രിൽ 30നും പൊതു വിദ്യാഭ്യാസ സെക്രട്ടറി റാണി ജോർജ് മേയ് 31നും വിരമിക്കും.