കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രപതിക്ക് കത്തയച്ച് അതിജീവിത. ആക്രമണ ദൃശ്യങ്ങൾ അടങ്ങിയ മെമ്മറി കാർഡ് ചട്ടവിരുദ്ധമായി തുറന്ന് പരിശോധിച്ച സംഭവത്തിലാണ് നീതിതേടി നടി രാഷ്ട്രപതിയെ സമീപിച്ചത്. ഹൈക്കോടതിയും സുപ്രീം കോടതിയും നടപടി സ്വീകരിക്കാത്ത പശ്ചാത്തലത്തിലാണ് അതിജീവിതയുടെ നീക്കം.(Actress Assault Case; survivor writes to President)
മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയില്‍ ഇരിക്കെ മൂന്ന് തവണ തുറന്ന് പരിശോധിച്ചെന്ന് ശാസ്ത്രീയ പരിശോധനയില്‍ ഉള്‍പ്പെടെ തെളിഞ്ഞിരുന്നു. എന്നാൽ ഇത് ചെയ്ത ആളുകളെ കണ്ടെത്തുന്നതിനും നടപടി സ്വീകരിക്കുന്നതിനും സുപ്രീംകോടതിയെയും ഹൈക്കോടതിയെയും സമീപിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് പരാതിയില്‍ നടി ചൂണ്ടിക്കാട്ടുന്നത്.
ഈ മെമ്മറി കാര്‍ഡ് പുറത്തുപോയാല്‍ അത് തുടര്‍ന്നുള്ള തന്റെ ജീവിതത്തെ ബാധിക്കുമെന്നും അതുകൊണ്ട് ഇക്കാര്യത്തില്‍ കാര്യക്ഷമമായ അന്വേഷണത്തിനും നടപടിക്കും രാഷ്ടപതിയുടെ ഇടപെടല്‍ വേണമെന്നും കത്തില്‍ പറയുന്നു.