കൊച്ചി: നടിയെ ആക്രമിച്ച കേസിൽ മെമ്മറി കാർഡ് തുറന്ന സംഭവത്തിൽ നടിയുടെ ഹർജിയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പ്രസ്താവിക്കും. സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം നടത്തണമെന്നും, കോടതിയുടെ വസ്തുതാ അന്വേഷണ റിപ്പോർട്ട് റദ്ദാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹൈക്കോടതി സിംഗിൾ ബെഞ്ചാണ് വിധി പറയുക. കേസിലെ സുപ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കെ മൂന്ന് തവണ നിയമ വിരുദ്ധമായി തുറന്നു പരിശോധിച്ചുവെന്നാണ് കണ്ടെത്തിയത്.Actress assault case; Judgment on memory card opening case on Monday
ഇതേത്തുടർന്ന് സംഭവത്തിൽ അന്വേഷണമാവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയെ സമീപിച്ചു. ഹർജി പരിഗണിച്ച ഹൈക്കോടതി, മെമ്മറി കാർഡ് ആര്, എന്തിന് പരിശോധിച്ചുവെന്ന് കണ്ടെത്തണമെന്ന് ഉത്തരവിട്ടു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്. രണ്ട് കോടതി ജീവനക്കാരും അങ്കമാലി മുൻ മജിസ്‌ട്രേറ്റുമാണ് മെമ്മറി കാർഡ് പരിശോധിച്ചതെന്ന് അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.
അതിനിടെ, മെമ്മറി കാർഡുമായി ബന്ധപ്പെട്ട ആരോപണം അന്വേഷിച്ച പ്രിൻസിപ്പൽ സെഷൻസ് ജഡ്ജിയുടെ റിപ്പോർട്ട് വസ്തുതാപരമല്ലെന്നും, റദ്ദാക്കണമെന്നും കോടതി മേൽനോട്ടത്തിൽ ഐജി റാങ്കിൽ കുറയാത്ത പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിന് ഉത്തരവിടണമെന്നും ആവശ്യപ്പെട്ട് നടി ഹൈക്കോടതിയിൽ ഉപഹർജി നൽകുകയായിരുന്നു. അതിജീവിതയുടെ ഹർജിയെ അനുകൂലിച്ചാണ് സംസ്ഥാന സർക്കാരും നിലപാട് എടുത്തത്.
എന്നാൽ നടിയുടെ ഹർജിയെ എതിർത്ത് കേസിലെ എട്ടാം പ്രതിയായ ദിലീപ് കോടതിയെ സമീപിച്ചു. അതിജീവിതയുടെ ഹർജിയിൽ സംസ്ഥാന സർക്കാരിനില്ലാത്ത എതിർപ്പ് എട്ടാം പ്രതിക്ക് എന്തിനാണെന്നായിരുന്നു ദിലീപിന്റെ വാദത്തെ എതിർത്ത് ഹൈക്കോടതി ചോദിച്ചത്. കോടതിയും അതിജീവിതയുമാണ് ഈ കേസിലെ കക്ഷികൾ. അന്വേഷണ റിപ്പോർട്ട് നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ ദിലീപിനെ ബാധിക്കുന്നതല്ല എന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.