ശബരിമല: എമ്പുരാന്റെ റിലീസിന് മുൻപായി ശബരിമലയിൽ ദർശനം നടത്തി നടൻ മോഹൻലാൽ. നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ വഴിപാടും അദ്ദേഹം നടത്തി. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി താരം വഴിപാട് നടത്തിയത്.
ഭാര്യ സുചിത്രയുടെ പേരിലും മോഹൻലാൽ വഴിപാട് അർപ്പിച്ചു. പമ്പയിൽ നിന്ന് കെട്ടുനിറച്ചാണ് മോഹൻലാൽ മലകയറിയത്. പമ്പയിൽ എത്തിയ മോഹൻലാലിനെ ദേവസ്വം ബോർഡ് അധികൃതർ ചേർന്ന് സ്വീകരിച്ചു. മോഹൻലാലിനൊപ്പം സുഹൃത്ത് കെ മാധവനും ദർശനത്തിനായി എത്തിയിരുന്നു. പടിപൂജ അടക്കമുള്ള ചടങ്ങുകളിൽ പങ്കെടുക്കും. നാളെ പുലർച്ചെ നട തുറന്ന ശേഷമാകും അദ്ദേഹം മലയിറങ്ങുക.
മാർച്ച് 27 നാണ് മോഹൻലാൽ നായകനാവുന്ന ചിത്രം എമ്പുരാൻ തീയറ്ററുകളിൽ എത്തുന്നത്. ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ്, ലൈക്ക പ്രൊഡക്ഷൻസ് ആണ് എമ്പുരാൻ നിർമ്മിച്ചിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്ന ചിത്രത്തിന്റെ സംവിധാനം പൃഥ്വിരാജ് സുകുമാരനും രചന മുരളി ഗോപിയുമാണ്.
2019 ൽ റിലീസ് ചെയ്‍ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായാണ് എമ്പുരാൻ എത്തുന്നത്. അതേസമയം, ഏറെ നാളത്തെ ഇടവേളയ്ക്ക് ശേഷം മമ്മൂട്ടിയും മോഹന്‍ലാലും ഒന്നിച്ചെത്തുന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകരും സിനിമാസ്വാദകരും. മഹേഷ് നാരായണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.