മലയാളി പ്രേക്ഷകരുടെ എക്കാലത്തെയും പ്രിയ താരജോഡികളിൽ മുൻനിരയിലാണ് മോഹൻലാലും ശോഭനയും. ഇതുവരെ 55 സിനിമകളിലാണ് ഇരുവരും ഒന്നിച്ചഭിനയിച്ചത്. 15 വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം തരുൺ മൂർത്തി സംവിധാനം ചെയ്ത ‘തുടരും’ എന്ന ചിത്രത്തിലാണ് ഈ ഹിറ്റ് ജോഡി വീണ്ടും പ്രേക്ഷകർക്ക് മുന്നിലെത്തിയത്.
ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ ശോഭനയെ കുറിച്ചുള്ള മോഹൻലാലിന്റെ വാക്കുകളാണ് ചർച്ചാ വിഷയം. മഞ്ജു വാര്യരെയാണോ അതോ ശോഭനയെയാണോ ലാലേട്ടന് ഏറ്റവുമിഷ്ടം എന്ന ചോദ്യത്തിന് ശോഭന എന്നായിരുന്നു മോഹൻലാലിന്റെ ഉത്തരം.
ശോഭന എനിക്കൊപ്പം ഏകദേശം അമ്പത്തിനാലോളം സിനിമകളിൽ അഭിനയിച്ച നടിയാണ്. അതുപോലെ മഞ്ജു എന്നോടൊപ്പം ഏഴോ ഏട്ടോ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. എന്നിരുന്നാലും ഇവരിൽ ആര് മികച്ചതെന്ന് പറയാൻ എനിക്ക് വളരെ പ്രയാസമുള്ള കാര്യമാണ്. എങ്കിലും ശോഭന എന്നാണ് എന്റെ ഉത്തരം എന്നാണ് അദ്ദേഹം പറഞ്ഞത്. അതിനു കാരണം ശോഭനക്കാണ് സിനിമയിൽ കൂടുതൽ എക്സ്പീരിയൻസ് എന്നതായിരുന്നു എന്നും മോഹൻലാൽ കൂട്ടിച്ചേർത്തു.
അതേസമയം ശോഭന മുമ്പൊരിക്കൽ മോഹൻലാലിനെ കുറിച്ച് പറഞ്ഞിരുന്നതിങ്ങനെയാണ്- “ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയാണ്, ഇമോഷണല്‍ രംഗങ്ങളില്‍ അഭിനയിക്കുമ്പോള്‍ കണ്ണില്‍ ഗ്ലിസറിനിടുമല്ലോ, കെട്ടിപ്പിടിക്കുമ്പോള്‍ ലാലുവിന്റെ ഷര്‍ട്ടില്‍ അത് പതിയും. അപ്പോള്‍, എപ്പോഴും പറയും നിന്റെ മൂക്കിള എന്റെ ദേഹത്ത് ആക്കരുത് എന്ന്. അത് മൂക്കിളയല്ല, ഗ്ലിസറിനാണ് ലാലു എന്ന് എത്ര പറഞ്ഞാലും ലാലു കേള്‍ക്കില്ല. നാല്‍പത് വര്‍ഷമായി അത് തന്നെ പറഞ്ഞുകൊണ്ടിരിക്കുകയാണ്”.
നീണ്ട ഇടവേളയ്ക്ക് ശേഷം ‘തുടരു’മിലൂടെ ശോഭനയും മോഹൻലാലും ഒരുമിച്ച് ബിഗ്‌സ്‌ക്രീനിലെത്തിയപ്പോൾ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ അവരെ സ്വീകരിച്ചത്. ഇരുവരും ചേർന്ന് അനശ്വരമാക്കിയ കഥാപാത്രങ്ങൾ എക്കാലവും മലയാളി പ്രേക്ഷകർക്കിടയിൽ ഓർമ്മിക്കപ്പെടും.