ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ മലയാളത്തിന്റെ ഹാസ്യസാമ്രാട്ട് ജഗതി ശ്രീകുമാർ സിനിമാലോകത്തേക്ക് തിരികെയെത്തുന്നു. ഗഗനചാരിയുടെ സംവിധായകനായ അരുൺ ചന്തുവിന്റെ പുതിയ സയൻസ് ഫിക്‌ഷൻ ചിത്രം ‘വല’ യിലൂടെയാണ് ജഗതി പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. ‘വല ദ് ഇൻട്രൊ’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ പ്രൊമോ വീഡിയോ പുറത്തിറങ്ങി.
ജഗതിയുടെ ശബ്ദം തന്നെയാണ് വിഡിയോയില്‍ ഉപയോഗിച്ചിരിക്കുന്നത്. ഹോളിവുഡ് സിനിമകളെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ ആണ് പുറത്തിറങ്ങിയിരിക്കുന്നത്. ‘പ്രഫസർ അമ്പിളി’ എന്ന മുഴുനീള വേഷമാണ് ജഗതി ശ്രീകുമാർ കൈകാര്യം ചെയ്യുന്നത്.
‘അനിയാ നിൽ’ എന്റെ തന്റെ പ്രശസ്തമായ ഡയലോഗു പറഞ്ഞാണ് സിനിമയിലെ കഥാപാത്രങ്ങളെ ജഗതി ശ്രീകുമാർ ടീസറിലൂടെ പരിചയപ്പെടുത്തുന്നത്. ജഗതിക്കൊപ്പം ബേസിൽ ജോസഫ്, വിനീത് ശ്രീനിവാസൻ, അജു വർഗീസ്, ഗോകുൽ സുരേഷ്, മാധവ് സുരേഷ്, ഗണേഷ് കുമാർ, ഭഗത് മാനുവൽ, അനാർക്കലി മരക്കാർ തുടങ്ങി വമ്പൻ താരനിരയും സിനിമയിൽ എത്തുന്നുണ്ട്.
2012-ൽ ഉണ്ടായ അപകടത്തെ തുടർന്ന് സിനിമകളിൽ സജീവമല്ലാത്ത ജഗതിയുടെ തിരിച്ചു വരവ് മലയാള സിനിമ ലോകം ആഘോഷമാക്കുകയാണ്. നടി- നടൻമാർ ഉൾപ്പെടെ നിരവധിപേരാണ് ചിത്രത്തിന്റെ പോസ്റ്റർ പങ്കുവെച്ചിരിക്കുന്നത്.