വാഷിങ്ടൺ സ്റ്റേറ്റ് ഹൈവേയിലെ അപകടം; ഇന്ത്യൻ യുവാവ് കുടുക്കിൽ
വാഷിങ്ടൺ: വാഷിങ്ടൺ സ്റ്റേറ്റ് ഹൈവേയിൽ നടന്ന മാരക ട്രക്ക് അപകടവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഇന്ത്യൻ പൗരൻ കമൽപ്രീത് സിങ് (25) കൂടുതൽ നിയമപ്രശ്നങ്ങളിലേക്കാണ് നീങ്ങുന്നത്.
അനധികൃതമായി യുഎസ് അതിർത്തി കടന്ന ശേഷം അധികൃതർ വിട്ടയച്ച വ്യക്തിയാണ് കമൽപ്രീത് സിങ് എന്ന വിവരം പുറത്തുവന്നതോടെ കേസ് കൂടുതൽ ഗൗരവമേറിയതായി. ഈ അപകടത്തിൽ യുഎസ് പൗരനായ റോബർട്ട് ബി. പിയേഴ്സൺ (29) മരണപ്പെട്ടിരുന്നു.
വ്യാഴാഴ്ച രാവിലെ ഏഴിന് ശേഷമാണ് അപകടം നടന്നത്. ഓബർണിന് സമീപമുള്ള സ്റ്റേറ്റ് റൂട്ട് 167ലെ വടക്കോട്ടുള്ള പാതയിൽ നിർത്തിയിട്ടിരുന്ന ഒരു വാഹനത്തിലേക്ക് കമൽപ്രീത് ഓടിച്ച വാഹനം ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ പിയേഴ്സൺ ഗുരുതരമായി പരുക്കേറ്റ് മരണപ്പെടുകയായിരുന്നു.
റിപ്പോർട്ടുകൾ പ്രകാരം, 2023 ഡിസംബർ 24ന് അരിസോണയിലെ ലൂക്ക്വില്ലെയിൽ വച്ചാണ് കമൽപ്രീത് സിങ്ങിനെ യുഎസ് ബോർഡർ പട്രോൾ അറസ്റ്റ് ചെയ്തത്. അനധികൃതമായി യുഎസിലേക്ക് കടന്നതിനെ തുടർന്നായിരുന്നു അറസ്റ്റ്.
എന്നാൽ പിന്നീട് ബൈഡൻ ഭരണകൂടത്തിന്റെ നയങ്ങളുടെ ഭാഗമായി അദ്ദേഹത്തെ രാജ്യത്തിനുള്ളിലേക്ക് വിട്ടയക്കുകയായിരുന്നുവെന്ന് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്റ് (ICE) ഉദ്യോഗസ്ഥർ വ്യക്തമാക്കി.
വാഷിങ്ടൺ സ്റ്റേറ്റ് ഹൈവേയിലെ അപകടം; ഇന്ത്യൻ യുവാവ് കുടുക്കിൽ
ഇപ്പോൾ കമൽപ്രീത് സിങ് പ്രാദേശിക ജയിലിൽ കഴിയുകയാണ്. ഇയാളെ ജാമ്യത്തിൽ വിട്ടയച്ചാൽ ഉടൻ കസ്റ്റഡിയിലെടുക്കുന്നതിനായി ഫെഡറൽ തടങ്കൽ ഉത്തരവ് ആവശ്യപ്പെട്ട് ഐസിഇ ഹർജി നൽകിയിട്ടുണ്ട്.
ഇയാൾ ജയിൽ മോചിതനായാൽ വീണ്ടും ഫെഡറൽ ഇമിഗ്രേഷൻ കസ്റ്റഡിയിലേക്കു മാറ്റാനാണ് നീക്കം. അതേസമയം, കിങ് കൗണ്ടിയിലെ പ്രോസിക്യൂട്ടർമാർ കേസ് വിശദമായി അവലോകനം ചെയ്യുകയാണ്.
അനധികൃതമായി യുഎസിൽ പ്രവേശിച്ച ഒരാൾക്ക് എങ്ങനെ വാണിജ്യ വാഹനം ഓടിക്കാൻ അനുമതി ലഭിച്ചു എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിലുണ്ട്.
ഡ്രൈവിംഗ് ലൈസൻസ്, തൊഴിൽ രേഖകൾ, സുരക്ഷാ പരിശോധനകൾ എന്നിവയിൽ ഉണ്ടായ വീഴ്ചകളും പരിശോധിക്കുമെന്ന് അധികൃതർ അറിയിച്ചു.
ഈ സംഭവം യുഎസിലെ ഇമിഗ്രേഷൻ നയങ്ങളെയും സുരക്ഷാ നടപടികളെയും കുറിച്ചുള്ള ചർച്ചകൾക്ക് വീണ്ടും ശക്തി പകരുകയാണ്. അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ പൊതുസുരക്ഷയെ എങ്ങനെ ബാധിക്കുന്നു എന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്.









