കോഴിക്കോട്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട ഉത്തരവ് ഇന്നും ഉണ്ടായില്ല. റിയാദ് കോടതി കേസ് വീണ്ടും മാറ്റി വെക്കുകയായിരുന്നു. സാങ്കേതികപരമായ കാര്യങ്ങളാണ് കേസ് മാറ്റി വെക്കാൻ കാരണമെന്നറിയുന്നുവെന്നും പ്രതീക്ഷിച്ച വിധിയല്ല ഇതെന്നും അബ്ദുൾ റഹീം നിയമ സഹായ സമിതി അംഗങ്ങൾ പ്രതികരിച്ചു.(Abdul Rahim’s Release Order Postponed Again)
പബ്ലിക് പ്രൊസിക്യൂട്ടർ കുറച്ച് പേപ്പറുകൾ ചോദിച്ചിരുന്നത് ഹാജരാക്കാനാണ് തീയതി നീട്ടിയതെന്ന് മനസിലാക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. നവംബർ 17ന് അബ്ദുൽ റഹീമിന്‍റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് റിയാദിലെ ക്രിമിനൽ കോടതി പരിഗണിച്ചിരുന്നു. എന്നാൽ അന്തിമ വിധി പറയുന്നത് ഡിസംബർ 8ലേക്ക് നീട്ടി വയ്ക്കുകയായിരുന്നു.
ജൂലൈ രണ്ടിന് വധശിക്ഷ റദ്ദാക്കിയെങ്കിലും പബ്ലിക് ഒഫൻസുമായി ബന്ധപ്പെട്ട കേസിൽ തീർപ്പാകാത്തതിനാലാണ് ജയിൽ മോചനം വൈകുന്നത്. സ്‌പോൺസറുടെ മകനായ സൗദി ബാലൻ കൊല്ലപ്പെട്ട കേസിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിഞ്ഞ പതിനെട്ട് വർഷത്തോളമായി ജയിലിൽ കഴിയുകയാണ് കോഴിക്കോട് ഫറോക് സ്വദേശി അബ്ദുൽ റഹീം.