ദില്ലി: ഡൽഹിയിൽ സർക്കാർ രൂപീകരണ ചർച്ചകൾ ആരംഭിച്ച് ആം ആദ്മി പാർട്ടി. നിയുക്ത മുഖ്യമന്ത്രി അതിഷി മര്‍ലേന ഉടൻ സത്യപ്രതിജ്ഞ ചെയ്യും.Aam Aadmi Party starts government formation talks in Delhi
ദില്ലിയിൽ നിയുക്ത മുഖ്യമന്ത്രി അതിഷിയുടെ നേതൃത്വത്തിലുള്ള പുതിയ മന്ത്രിസഭ ഈയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് സൂചന.
മന്ത്രിസഭാ വിപുലീകരണം അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്യാൻ ആം ആദ്മി പാർട്ടി നേതൃയോഗം ഉടൻ ചേരും.
നിലവിലെ മന്ത്രിമാരെ തന്നെ നിലനിർത്തിക്കൊണ്ട് വകുപ്പുകളിൽ മാറ്റം വരുത്താനാണ് നീക്കം. പുതിയ മന്ത്രിമാരെ മന്ത്രി സഭയിൽ ഉൾപ്പെടുത്തിയേക്കും.
ഈമാസം 26, 27 തീയതികളിൽ നിയമസഭ സമ്മേളനവും വിളിച്ചുചേർത്തിട്ടുണ്ട്. ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പാണ് അരവിന്ദ് കെജ്രിവാളിനു മുന്നിലുള്ള ആദ്യ വെല്ലുവിളി പഞ്ചാബുമായും ദില്ലിയുമായി അതിർത്തി പങ്കിടുന്ന ഹരിയാനയിലെ സീറ്റുകൾ ലക്ഷ്യം വെച്ചാണ് ആം ആദ്മിയും അരവിന്ദ് കെജ്‌രിവാളും പ്രചാരണം ശക്തമാക്കുക.
ആംആദ്മി സര്‍ക്കാരില്‍ വിദ്യാഭ്യാസം, പൊതുമരാമത്ത് വകുപ്പുകളാണ് അതിഷി കൈകാര്യം ചെയ്യുന്നത്. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥിയായ അതിഷി ഡല്‍ഹിയിലെ സ്‌കൂളുകളിലെ വിദ്യാഭ്യാസം പരിഷ്‌കരിക്കുന്നതിനുള്ള എഎപി പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു.
മദ്യനയ അഴിമതിക്കേസില്‍ അരവിന്ദ് കെജ്‌രിവാളിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തപ്പോള്‍ ശക്തമായ ഇടപെടലുകളിലൂടെ അതിഷി ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. കൃത്യമായ ഇടവേളകളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് അതിഷി കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു.
അരവിന്ദ് കെജ്‌രിവാള്‍ രാജി പ്രഖ്യാപിച്ചതോടെയാണ് ആംആദ്മിയില്‍ പുതിയ പ്രതിസന്ധി ഉടലെടുത്തത്. മദ്യനയ അഴിമതിക്കേസില്‍ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു കെജ്‌രിവാള്‍ അപ്രതീക്ഷിതമായി രാജി പ്രഖ്യാപിച്ചത്.