ഹരിയാന സ്വദേശിയായ യുവതി ഭഗവാൻ ശ്രീകൃഷ്ണനെ വിവാഹം കഴിച്ചു! ഹരിയാനയിലെ സിർസ സ്വദേശിയായ ജ്യോതി ഭട്വർ ആണ് ഭഗവാൻ ശ്രീകൃഷ്ണനെ തന്റെ ഭർത്താവായി സ്വീകരിച്ചത്.
മഥുരയിലെ ശ്രീ ധാം വൃന്ദാവനിൽ വെച്ചാണ് വിവാഹച്ചടങ്ങുകൾ നടന്നതെന്നാണ് റിപ്പോർട്ട്. വിവേകാനന്ദ മഹാരാജ്-വൈഷ്ണവി ബോരികർ ദമ്പതികളുടെ മകളാണ് ജ്യോതി ഭട്വർ. 34കാരിയായ ജ്യോതി അച്ഛനമ്മമാരോടൊപ്പം വൃന്ദാവനത്തിലാണ് താമസം. കടുത്ത കൃഷ്ണഭക്തയാണ് ജ്യോതി.
ജ്യോതിയുടെ ഗുരുവായ ഡോ. ഗൗതം ആണ് ഭഗവാനുമായുള്ള വിവാഹച്ചടങ്ങിന് നേതൃത്വം നൽകിയത്. കുറച്ചുനാളുകളായി നഴ്സായി ജോലി ചെയ്തുവരികയായിരുന്നു ഇവർ. കഴിഞ്ഞ ഒരുവർഷത്തോളമായി വൃന്ദാവനത്തിൽ ശ്രീകൃഷ്ണനെ ആരാധിച്ചുവരികയായിരുന്നു. പരമ്പരാഗതമായ ആചാരങ്ങളോടെയാണ് വിവാഹം നടത്തിയത്.
വിവാഹവുമായി ബന്ധപ്പെട്ട എല്ലാചടങ്ങുകളും പൂർത്തിയാക്കിയെന്ന് ഡോ. ഗൗതം അറിയിച്ചു. കൂടാതെ ജ്യോതിയുടെ പേര് മീര എന്ന് പുനർനാമകരണം ചെയ്യുകയും ചെയ്തു. വിവാഹച്ചടങ്ങളുകൾക്കായാണ് ജ്യോതി വൃന്ദാവനിലുള്ള ഹരേ കൃഷ്ണ ധാം സൊസൈറ്റിയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
വാദ്യാഘോഷങ്ങളുടെ അകമ്പടിയോടെയായിരുന്നു വിവാഹം. ജ്യോതിയുടെ കുടുംബാംഗങ്ങളും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും പങ്കെടുത്തു. എല്ലാവരും വളരെയധികം സന്തോഷത്തിലായിരുന്നു. നിരവധി പേരാണ് ജ്യോതിയെ അഭിനന്ദിച്ച് രംഗത്തെത്തിയതെന്നും ഡോ.ഗൗതം മാധ്യമങ്ങളോട് പറഞ്ഞു. ആയിരക്കണക്കിന് പേരാണ് ഈ വിവാഹത്തിന് സാക്ഷിയാകാൻ എത്തിയത്.