മലപ്പുറം: മലപ്പുറത്ത് ഉൾവനത്തിൽ ചോലനായ്ക്ക യുവതി പാറയിൽ നിന്ന് കാൽവഴുതി വീണുമരിച്ചു. നെടുങ്കയം കുപ്പ മലയിലെ ഷിബുവിന്റെ ഭാര്യ മാതിയാണ് (27) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു അപകടം. എന്നാൽ തിങ്കളാഴ്ചയാണ് വിവരം പുറത്തറിയുന്നത്.
രാത്രി മൂത്രമൊഴിക്കാൻ പുറത്തിറങ്ങിയപ്പോൾ കാൽവഴുതി താഴ്ചയുള്ള പാറക്കുഴിയിലേക്ക് വീണതാകാമെന്നാണ് പൊലീസുകാരോടും വനപാലകരോടും മാതിയുടെ ഭർത്താവും സഹോദരൻ വിജയനുമടക്കമുള്ളവർ മൊഴി നൽകിയത്.
ചൊവ്വാഴ്ച ഉച്ചയോടെ ഉദ്യോഗസ്ഥ സംഘം കുപ്പമലയിലെത്തി. രണ്ടു മണിക്കൂറോളം കുത്തനെയുള്ള മല കയറിയാൽ മാത്രമേ ഇവരുടെ താമസസ്ഥലത്ത് സാധിക്കുകയുള്ളൂ. സംഭവം നടന്ന സ്ഥലത്ത് മാതിയുടെ സംസ്ക്കാരം നടത്തിയതായും ബന്ധുക്കൾ പൊലീസിനോട് പറഞ്ഞു.
പൂക്കോട്ടുംപാടം ഇൻസ്പെക്ടർ അനൂപിന്റെ നിർദേശ പ്രകാരം എസ്.ഐ സതീഷ് കുമാറും സംഘവും സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വിശ്വംഭരന്റെ നേതൃത്വത്തിലുള്ള വനപാലകരുമാണ് ബന്ധുക്കളുടെ മൊഴിയെടുത്ത് പരിശോധന നടത്തിയത്. മക്കൾ: ശ്രീകല, ശ്രീലക്ഷ്മി, വിധിൻ, സുമി.