തിരുവനന്തപുരം: ചിറയിൻകീഴിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ആനത്തലവട്ടം ജംഗ്ഷനിലാണ് കൊലപാതകം നടന്നത്. കടയ്ക്കാവൂർ സ്വദേശി വിഷ്ണുപ്രകാശ് (26) ആണ് മരിച്ചത്.
ഇയാളെ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
നിരവധി കേസുകളില്‍ പ്രതിയായ ഓട്ടോ ജയനാണ് കൊല നടത്തിയതെന്ന് പോലീസും ദൃക്സാക്ഷികളും പറയുന്നു. ഇയാളെ ഇതുവരെ പിടികിട്ടിയില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
വെൽഡിംഗ് ജോലിക്ക് സഹായിയായി പോകുന്നയാളാണ് കൊല്ലപ്പെട്ട വിഷ്ണുപ്രകാശ്. അടുത്തിടെയാണ് ഇയാൾ വിദേശത്തുനിന്നും നാട്ടിലെത്തിയത്.
കൊലപാതകത്തിന് പിന്നിലെ കാരണം വ്യക്തമായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിഷ്ണുപ്രകാശിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടു നൽകും.