ലോക്കൽ ട്രയിനിലെ ലേഡീസ് കമ്പാർട്ട്മെൻ്റിൽ പരിപൂർണ നഗ്നനായി യുവാവിൻറെ യാത്ര. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസിൽ (സിഎസ്എംടി) നിന്നും കല്യാണിലേക്ക് പോയ തീവണ്ടിയിലാണ് സംഭവം. ഘാട്കോപ്പർ സ്റ്റേഷനിൽ ട്രെയിൻ നിർത്തിയപ്പോഴാണ് നൂൽബന്ധമില്ലാതെ യുവാവ് കമ്പാർട്ട്മെൻ്റിലേക്ക് ഓടിക്കയറിയത്.
സ്ത്രീ യാത്രക്കാർ ബഹളംവച്ചിട്ടും ഇറങ്ങിപ്പോകാൻ ഇയാൾ തയ്യാറായില്ല. തുടർന്ന് തൊട്ടടുത്ത ബോഗിയിൽ ഉണ്ടായിരുന്ന റെയിൽവെ ടിക്കറ്റ് കളക്ടറെ വിവരം അറിയിക്കുകയും അടുത്ത സ്റ്റേഷനിൽ ഇറക്കി വിടുകയുമായിരുന്നു. ഇയാൾ മാനസികാസ്വാസ്ഥ്യമുള്ള ആളാണെന്നും അബദ്ധത്തിൽ ട്രെയിനിൽ കയറിയതാണെന്നാണ് റെയിൽവേ ഉദ്യോഗസ്ഥർ പറയുന്നത്. റെയിൽവേ പോലീസ് ഇയാളെ ഉടൻ പിടികൂടി, വസ്ത്രങ്ങൾ ധരിപ്പിച്ച ശേഷം സ്റ്റേഷന് പുറത്ത് വിട്ടതായും റെയിൽവെ അധികൃതർ അറിയിച്ചു.
സംഭവത്തിൻ്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. സ്ത്രീകൾ നഗ്നനായ പുരുഷനോട് ട്രെയിനിൽ നിന്ന് ഇറങ്ങാൻ ആവശ്യപ്പെടുന്നതാണ് ദൃശ്യങ്ങളിലുള്ളത്. റെയിൽവേ ഉദ്യോഗസ്ഥൻ ഇയാളെ പുറത്തേക്ക് തള്ളുന്നതും വീഡിയോയിൽ കാണാം. മാനസിക രോഗിയാവാനാണ് സാധ്യതയെന്നും വൈദ്യസഹായം ലഭിക്കേണ്ടതുണ്ടെന്നുമാണ് ഭൂരിഭാഗം പേരും സോഷ്യൽ മീഡിയയിൽ അഭിപ്രായം രേഖപ്പെടുത്തുന്നത്.