ഗുവാഹത്തി: ഭാര്യയുടെ വിയോഗം താങ്ങാനാവാതെ ആശുപത്രി ഐസിയുവിൽവെച്ച് അസം സർക്കാരിലെ ഉന്നത ഉദ്യോഗസ്ഥൻ വെടിവെച്ച് ആത്മഹത്യ ചെയ്തു. അസം ആഭ്യന്തര, പൊളിറ്റിക്കൽ സെക്രട്ടറി ശിലാദിത്യ (44) ചേതിയ ആണ് മരിച്ചത്. കാൻസർ ബാധിച്ച് ഐസിയുവിൽ ചികിത്സയിലായിരുന്ന ഭാര്യ മരണപ്പെട്ടതിന് പിന്നാലെ സർവീസ് തോക്ക് ഉപയോഗിച്ച് ചേതിയ സ്വന്തം തലയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. 2009 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായിരുന്നു ശിലാദിത്യ ചേതിയ.a top Assam government official shot himself in the ICU of the hospital
ദിവസങ്ങളായി ചേതിയയുടെ കാൻസർ ബാധിതയായ ഭാര്യ അഗമോണി ബോർബറുവ (40) ഗുവാഹത്തിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. കാൻസറിൻ്റെ നാലാംഘട്ടത്തിലേക്ക് ഭാര്യ എത്തിയതോടെ ചേതിയ നാലു മാസത്തോളമായി അവധിയിലായിരുന്നു. ചൊവ്വാഴ്ച വൈകുന്നേരം 4:25നാണ് അഗമോണിക്ക് ജീവൻ നഷ്ടമായത്. ഭാര്യയ്ക്ക് മരണം സംഭവിച്ച് 15 മിനിറ്റിനിടെയാണ് ചേതിയ ആത്മഹത്യ ചെയ്തത്.
മരണമറിഞ്ഞ് ആശുപത്രിയിൽ എത്തിയ ചേതിയ, ഭാര്യയുടെ മൃതദേഹത്തിന് സമീപം നിന്ന് പ്രാർഥിക്കണമെന്നും ഡോക്ടർമാരും നഴ്സുമാരും കുറച്ചു നേരത്തേക്ക് മാറിത്തരണമെന്ന് ആവശ്യപ്പെട്ടു. ചേതിയയുടെ ആവശ്യപ്രകാരം ജീവനക്കാർ മാറിയതിനു പിന്നാലെ വെടിയൊച്ച കേൾക്കുകയായിരുന്നു. ജീവനക്കാർ ഓടിയെത്തിയപ്പോഴേക്കും വെടിയേറ്റ നിലയിൽ അദ്ദേഹത്തെ കാണുകയായിരുന്നു. ഉടൻതന്നെ ചികിത്സ നൽകിയെങ്കിലും മരണപ്പെടുകയായിരുന്നു.