പത്തനംതിട്ട: സിപിഎം നേതാക്കൾ തല്ലിയ സംഭവത്തിൽ പ്രതികരണവുമായി മർദ്ദനമേറ്റ അദ്ധ്യാപകനായ അവതാരകൻ ബിനു കെ. സാം. അടിച്ചത് സിപിഎം ഏരിയ സെക്രട്ടറിയാണെന്ന് അദ്ധ്യാപകൻ പറയുന്നു.
തന്റെ ഭാഷാശൈലി സിപിഎം പ്രവർത്തകർക്ക് മനസിലായില്ലെന്നും ആരോഗ്യ മന്ത്രിയും ചെയർമാനും തമ്മിലുള്ള പ്രശ്നത്തിൽ തന്നെ കരുവാക്കിയെന്നുമാണ് ബിനുവിൻ്റെ ആരോപണം. മന്ത്രിയുടെ ഭർത്താവ് പതിവില്ലാതെ തന്നെ വിളിച്ചിരുന്നെന്നും അതിൽ നിന്നാണ് താൻ കരുവായെന്ന് മനസിലായതെന്നും ബിനു പറഞ്ഞു.
അപമാനിക്കപ്പെട്ടതിൽ ഏറെ സങ്കടമുണ്ട്. സിപിഎം കാണിച്ചത് ദാർഷ്ട്യമാണ്. ഇക്കാര്യത്തിൽ പൊലീസിന് പരാതി നൽകാൻ താൽപര്യമില്ലെന്നും സിപിഎം നേതാക്കാൾക്കെതിരെ പൊലീസിൽ പരാതി പറഞ്ഞിട്ട് എന്തുകാര്യമുണ്ടെന്നും ബിനു കെ സാം ചോദിക്കുന്നു.
പത്തനംതിട്ട ടൗൺ സ്ക്വയർ ഉദ്ഘാടന ചടങ്ങിൽ അവതാരകനായിരുന്നു അദ്ധ്യാപകനായ ബിനു കെ സാം. ശനിയാഴ്ച വൈകിട്ട് ആറ് മണിയോടെയാണ് ആരോപണത്തിന് ഇടയായ സംഭവം നടന്നത്.
ആരോഗ്യമന്ത്രിക്കും സ്പീക്കർക്കും സ്വാഗതം പറഞ്ഞത് ശരിയായില്ലെന്ന് ആരോപിച്ച് അദ്ധ്യാപകനെ സിപിഎമ്മുകാർ മർദ്ദിക്കുകയായിരുന്നു. പത്തനംതിട്ട സെന്റ് മേരീസ് സ്കൂളിലെ അദ്ധ്യാപകൻ ബിനുവിനാണ് സിപിഎമ്മുകാരുടെ മർദ്ദനമേറ്റത്.
സ്പീക്കർക്ക് സ്വാഗതം പറഞ്ഞപ്പോൾ തലശ്ശേരി ദം ബിരിയാണി പത്തനംതിട്ടയിൽ സുലഭമായി കിട്ടുമെന്നാണ് ബിനു പറഞ്ഞത്. എന്നാൽ ഇത് ശരിയായില്ലെന്നാണ് സിപിഎമ്മുകാരുടെ ആരോപണം.
സ്പീക്കർ എ.എൻ ഷംസീറിനെയും മന്ത്രി വീണാ ജോർജിനെയും പരിഹസിക്കുന്ന രീതിയിലാണ് സ്വാഗതം പറഞ്ഞതെന്ന് സിപിഎമ്മുകാർ ചൂണ്ടിക്കാട്ടി. ബിനുവിനെ പരിപാടിക്ക് ശേഷം മാറ്റിനിർത്തി ചോദ്യം ചെയ്തതിന് പിന്നാലെ കയ്യേറ്റമുണ്ടാവുകയും കൂട്ടത്തിലൊരാൾ തല്ലുകയും ചെയ്തെന്നാണ് അധ്യാപകനായ അവതാരകന്റെ ആരോപണം.
എന്നാൽ മർദിച്ചു എന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് സിപിഎം പ്രാദേശിക നേതൃത്വം പ്രതികരിച്ചു. അതിരുവിട്ടാണ് അവതാരകൻ സംസാരിച്ചത്. അത് ചൂണ്ടിക്കാണിക്കുക മാത്രമാണെന്ന് ചെയ്തതെന്നും സിപിഎം നേതാക്കൾ പ്രതികരിച്ചു.