ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമൻ സൂര്യകളങ്കം വരുന്നു. ഭൂമിയിലെ വൈദ്യുതി ശ്യംഖലകളെയും വാർത്താ വിനിമയ സംവിധാനങ്ങളെയും ബാധിക്കുമെന്നു മുന്നറിയിപ്പ്. സൂര്യനിലെ കാന്തമണ്ഡലച്ചുഴികളാണു സൂര്യകളങ്കങ്ങളായി അറിയപ്പെടുന്നത്. സൂര്യകളങ്കങ്ങളോടനുബന്ധിച്ച് അതിശക്തമായ സൗരജ്വാലകൾ ഉണ്ടാകാറുണ്ട്. . ഈ ശക്തമായ കണങ്ങൾ വാർത്താവിനിമയ ഉപഗ്രഹങ്ങളെ താറുമാറാക്കാനും ഇടയുണ്ട്. ഭൂമിയിലെ വൈദ്യുത വിതരണശൃംഖല തടസ്സപ്പെടാനും ഇതുകാരണമാകും. ചിലപ്പോഴവ ഭൂമിയുടെ നേർക്കും വരാറുണ്ട്. അത്തരം സമയങ്ങളിൽ ഭൂമിയുടെ ധ്രുവമേഖലയിൽ വർണാഭമായ ധ്രുവദീപ്തികൾ (അറോറ) പ്രത്യക്ഷപ്പെടും. അതുകൊണ്ടു ശാസ്ത്രലോകം സൂര്യകളങ്കങ്ങളെ ഗൗരവമായാണു കാണുന്നത്.
മുൻപും സൂര്യകളങ്കങ്ങൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ടെങ്കിലും ഇത്ര വലുത് അത്യപൂർവമാണ്. AR3664 എന്ന് പേരിട്ടിരിക്കുന്ന ഈ കളങ്കം മേയ് ആദ്യവാരം മുതലാണ് കൂടുതൽ തെളിയാൻ തുടങ്ങിയത്. ഇതിനു മുൻപ് 2003 ഒക്ടോബറിലാണ് ഇത്രയും തീവ്രമായ, കൊറോണൽ മാസ് ഇജക്‌ഷൻ എന്ന സൗരകാന്തിക കാറ്റ് ഉണ്ടായത്. ഭൂമിയുടെ 17 മടങ്ങ് വലുപ്പമുള്ള അതിഭീമൻ സൗരകളങ്കം സൂര്യനിൽ രൂപപ്പെട്ടതായി യുഎസിലെ നോവ ഉൾപ്പെടെയുള്ള ഏജൻസികൾ അറിയിച്ചു.