തിരൂർ: ചായയിൽ കടുപ്പത്തിന് ചേർക്കുന്നത് കൊടും വിഷമെന്ന് കണ്ടെത്തൽ. മലപ്പുറത്ത് ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ പരിശോധനയിലാണ് ക്യാൻസറിന് വരെ കാരണമാകുന്ന രാസവസ്തുക്കൾ ചായപ്പൊടിയിൽ ഉണ്ടെന്ന് കണ്ടെത്തിയത്. മായം ചേർത്ത ചായപ്പൊടി നിർമ്മിക്കുന്ന ഉറവിടം പരിശോധനയിൽ കണ്ടെത്തുകയും രണ്ട് പേരെ കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.A strong poison added to tea
സാഹസികമായാണ് വ്യാജ നിർമ്മാണ സംഘത്തെ പിടികൂടിയത്. തിരൂർ-താനൂർ ഭക്ഷ്യസുരക്ഷാ ഓഫീസർമാർ സംയുക്തമായി നടത്തിയ പരിശോധനയിലാണ് വ്യാജചായപ്പൊടി വീരന്മാർ വലയിലായത്. മണിക്കൂറുകൾ നീണ്ട പരിശോധനയുടെ നേർക്കാഴ്ച്ച പകർത്തി റിപ്പോർട്ടർ സംഘവും ഒപ്പമുണ്ടായിരുന്നു.
ജില്ലയിലെ തട്ടുകടകളിൽ കഴിഞ്ഞ മാസം ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയാണ് സംഭവങ്ങളുടെ തുടക്കം. കടുപ്പം കൂടിയ ഒരു പ്രത്യേക ചായക്കായി ആവശ്യക്കാർ ഏറെയാണ്. ചായപ്പൊടിയുടെ ഉറവിടം തേടിയുള്ള അന്വേഷണം ആദ്യം എത്തിയത് വൈലത്തൂരിലായിരുന്നു. ആവശ്യക്കാരെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ വിതരണക്കാരെ ബന്ധപ്പെട്ടു. വേങ്ങര സ്വദേശി അനസ് ഒരു വാഹനം നിറയെ ചായപ്പൊടിയുമായി വൈലത്തൂരിലെത്തി.
കണ്ടാൽ കടകളിൽ ലഭിക്കുന്ന ചായപ്പൊടിക്ക് സമാനം. എന്നാല് ഇവ പരിശോധിച്ചപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു. രാസവസ്തുക്കൾ ചേർത്താണ് ചായപ്പൊടി നിർമ്മാണം. സിന്തറ്റിക് ഫുഡ് കളറാണ് ചായപ്പൊടിയിൽ ചേർത്തിരിക്കുന്നത്. ഇവ കാൻസറിന് വരെ കാരണമായേക്കാമെന്നാണ് കണ്ടെത്തൽ.
എംഎസ്‌സി കെമിസ്ട്രി പൂർത്തിയാക്കിയ ആഷിഖാണ് വ്യാജ ചായപ്പൊടി നിർമ്മാണത്തിന്റെ മുഖ്യസൂത്രധാരൻ. മുഖ്യസൂത്രധാരന്റെ പേരോ, വിലാസമോ പറയാൻ പിടിയിലായ അനസ് തയ്യാറായിരുന്നില്ല. ചായപ്പൊടിയിൽ മായം ചേർക്കാറുണ്ടെന്ന് ആഷിഖ് സമ്മതിച്ചു.
വിഷപ്പൊടി നിർമ്മാണത്തിനായി ആഷിക്ക് പഴയ ഒരു വീട് തന്നെ ഗോഡൗൺ ആക്കി മാറ്റിയിട്ടുണ്ട്. കെട്ടുകണക്കിന് ചായപ്പൊടിയാണ് ഇവിടെ കവറുകളിലാക്കി വെച്ചിരിക്കുന്നത്. നിർമ്മാണ ശാലയ്ക്ക് ലൈസൻസോ, മറ്റു രേഖകളോ ഇല്ല. ഗോഡൗണിൽ നിന്നും 100 കിലോ മായം ചേർത്ത ചായപ്പൊടി കണ്ടെടുത്തിട്ടുണ്ട്.
കിഡ്നി, കരൾ ഉൾപ്പെടെയുള്ള ആന്തരിക അവയവങ്ങളെ തകർക്കാൻ പ്രഹരശേഷിയുള്ള മാരക രാസവസ്തു ചേർത്താണ് സംഘത്തിന്റെ ചായപ്പൊടി നിർമ്മാണം. ഇതിന് ആവശ്യക്കാരും ഏറെയാണ്. രഹസ്യമായി ജില്ലയിലെ തട്ടുകടകളും ചെറിയ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചായിരുന്നു വിൽപ്പന. ബില്ലുകൾ നൽകിയിരുന്നില്ല.
കോഴിക്കോട് ലാബിലേക്ക് അയച്ച തേയില സാമ്പിളിന്റെ പരിശോധന ഫലം വരുന്ന മുറയ്ക്ക് അറസ്റ്റ് ഉൾപ്പടെയുള്ള നടപടികളിലേക്ക് കടക്കും. 10 ലക്ഷം വരെ പിഴയും, 2 വർഷമോ, അതിലധികമോ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണിത്. ജില്ലയിൽ പരിശോധന തുടരുമെന്നും ഭക്ഷ്യ സുരക്ഷ വിഭാഗം അറിയിച്ചു.