കോട്ടയം: കോട്ടയത്ത് മെഡിക്കൽ കോളേജിൽ ആറു വിദ്യാർത്ഥിനികളെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ. കഴിഞ്ഞ ദിവസമാണ് വിദ്യാർഥികളെ തെരുവുനായ കടിച്ചത്. എംബിബിഎസ്, ഫാർമസി വിദ്യാർത്ഥികൾക്കാണ് കടിയേറ്റത്.
തുടർന്ന് ചത്ത നായയുടെ മൃതദേഹം തിരുവല്ലയിലെ ഏവിയൻ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലബോറട്ടറിയിൽ പരിശോധന നടത്തിയാണ് പേവിഷബാധ സ്ഥിരീകരിച്ചത്. നായയുടെ കടിയേറ്റ് സാരമായി പരിക്കേറ്റവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രശ്‌നം ഗുരുതരമായതോടെ പഞ്ചായത്ത് നായകളെ പിടികൂടാനും പേവിഷ പ്രതിരോധ കുത്തിവെപ്പെടുക്കാനും തുടങ്ങിയിട്ടുണ്ട്.
ക്യാമ്പസിൽ വലിയ തോതിൽ നായ ശല്യം ഉണ്ടെന്ന് നേരത്തെ തന്നെ രോഗികളും കൂട്ടിരിപ്പുകാരും വിദ്യാർത്ഥികളും പരാതിപ്പെട്ടിരുന്നെങ്കിലും പഞ്ചായത്ത് നടപടി കൈകൊണ്ടിട്ടില്ലെന്ന് ആരോപണമുണ്ട്. നായക്ക് പേവിഷബാധ സ്ഥിരീകരിക്കുകയും കൂടുതൽ പേർക്ക് കടിയേൽക്കുകയും ചെയ്ത സാഹചര്യത്തിൽ പഞ്ചായത്ത് തെരുവുനായകളെ പിടികൂടാൻ നടപടി ആരംഭിച്ചിട്ടുണ്ട്.
പിടികൂടുന്ന നായ്ക്കളെ പ്രതിരോധ വാക്‌സിൻ നൽകി തിരിച്ച് അവിടെത്തന്നെ വിടുകയാണ്. മാലിന്യ പ്രശ്‌നമാണ് മെഡിക്കൽ കോളേജ് ക്യാമ്പസിൽ നായ്ക്കളുടെ എണ്ണം കൂടാൻ കാരണം. ഇത് കൂടാതെ പലരും നായ്ക്കളെയും പൂച്ചകളെയും ക്യാമ്പസിൽ കൊണ്ടുവന്ന ഉപേക്ഷിക്കുന്നതും പതിവാണെന്നും നാട്ടുകാർ പറയുന്നു.