കണ്ണൂർ: കണ്ണൂരിൽ തെരുവുനായയെയും ആറ് കുഞ്ഞുങ്ങളെയും കമ്പിപ്പാരകൊണ്ട് അടിച്ചുകൊന്നയാൾക്കെതിരെ പൊലീസ് കേസെടുത്തു. മീത്തലെ കുന്നോത്തുപറമ്പിലെ രാജനെതിരെയാണ് കൊളവല്ലൂർ പൊലീസ് കേസെടുത്തത്. ബുധനാഴ്ച വൈകീട്ട് മീത്തലെ കുന്നോത്തുപറമ്പിലെ ഹോട്ടലിന് സമീപമാണ് സംഭവം.
നായ്ക്കളെ ഇരുമ്പുപാര കൊണ്ട് അടിച്ചുകൊന്ന ശേഷം ഇയാൾ കുഴിച്ചിടുകയായിരുന്നു. ഇതിനെതിരെയുള്ള പരാതിയിലാണ് പൊലീസ് നടപടി. ചത്ത നായ്ക്കളുടെ ചിത്രം സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് മൃഗസ്നേഹികളുടെ സംഘടന അനിമൽ വെൽഫയർ ബോർഡിനെയുൾപ്പെടെ സമീപിച്ചു. മൃഗങ്ങൾക്കെതിരായ ക്രൂരത തടയുന്ന വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.