ഒറ്റക്കുത്തിന് 70 -കാരനെ എടുത്തെറിഞ്ഞു തെരുവ് കാള; സോഷ്യൽ മീഡിയ ഞെട്ടിയ ആ വീഡിയോ ഇതാ
പഞ്ചാബിലെ ഫാസിൽക്കയിൽ നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ട ഒരു സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ച ചെയ്യുന്നത്. സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പങ്കുവയ്ക്കപ്പെട്ടത്.
ആഗസ്റ്റ് 10 -ന് വൈകുന്നേരം ഫാസിൽക്കയിലെ ബാങ്ക് കോളനി പ്രദേശത്താണ് സംഭവം നടന്നത്. തെരുവിലൂടെ നടന്നുവരുന്ന ഒരു വൃദ്ധനെ എതിരെ വന്ന ഒരു തെരുവ് കാള ഒറ്റക്കുത്തിന് ഭിത്തിയിലേക്ക് തെറിപ്പിക്കുന്ന വീഡിയോ ആണ് ആളുകളെ ഞെട്ടിക്കുന്നത്.
സിസിടിവി ദൃശ്യങ്ങളില്‍ കാണുന്നത് ഇതാണ്:
70 വയസുള്ള ഒരു വൃദ്ധന്‍ കൈയിലൊരു ഊന്നുവടിയുമായി നടന്നു വരുന്നു. ഇടയ്ക്ക് തന്‍റെ മുന്നിലെത്തിയ കാളയെ അദ്ദേഹം ഊന്നുവടിയുമായി അകറ്റാന്‍ ശ്രമിക്കുന്നു.
എന്നാല്‍ കാള അദ്ദേഹത്തെ വിടാതെ നില്‍ക്കുന്നു. ഈ സമയം വൃദ്ധന്‍ കാളെ മറികടന്ന് പോകാന്‍ ശ്രമിക്കുന്നത് കാണാം. പെട്ടെന്ന് കാള അനായാസമായി തല താഴ്ത്തി ഒന്ന് ഉയര്‍ത്തുന്നു.
ഇതോടെ വൃദ്ധന്‍ ഒന്നരയാൾ ഉയരത്തിലേക്ക് തെറിച്ച് അടുത്തുള്ള ഒരു വീടിന്‍റെ ചുമരില്‍ അടിച്ച് താഴെ വച്ചിരുന്ന ഇഷ്ടിക കട്ടകൾക്ക് മുകളിലേക്കും പിന്നാലെ താഴെയ്ക്കും വീഴുന്നു. ഈ ദൃശ്യങ്ങളാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.
പിന്നാലെ കാള ഒന്നുമറിയാത്ത പോലെ മുന്നോട്ട് നടന്ന് നീങ്ങുന്നതും കാണാം. തലയ്ക്ക് ആഴത്തിൽ മുറിവേറ്റ അദ്ദേഹത്തിന് ഒരു കൈയ്ക്കും ഒരു കാലിനും ഒടിവുണ്ടായിരുന്നു. തലയിൽ മൂന്നോ നാലോ തുന്നലുകൾ ഇടേണ്ടിവന്നെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.