ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ വിചിത്രമായ ‘ഡിംഗ ഡിംഗ’ രോഗം പടർന്നു പിടിക്കുന്നതായി റിപ്പോർട്ട്. പനിയും ശരീരം വിറച്ചുതുള്ളുന്ന അവസ്ഥയുമാണ് രോഗത്തിൻറെ പ്രധാന ലക്ഷണങ്ങളെന്ന് ആരോഗ്യ പ്രവർത്തകർ പറയുന്നു. സ്ത്രീകളെയും കുട്ടികളെയുമാണ് അപൂർവ രോഗം കൂടുതലായും ബാധിക്കുന്നത്. ഒരേസമയം ആശങ്കയും കൗതുകവും ഉണർത്തുന്ന ഈ രോഗത്തിന്റെ ഉറവിടം എന്താണെന്നോ എവിടെനിന്നാണെന്നോ ഇതുവരെ കണ്ടെത്താനായിട്ടില്ല.
രോഗത്തിൻ്റെ ലക്ഷണങ്ങളും അവസ്ഥയും വിചിത്രമാണെന്ന് ഉഗാണ്ടക്കാർ പറയുന്നു. രോഗം ബാധിച്ചവർ നൃത്തം ചെയ്യുന്നത് പോലെ വിറയ്ക്കുന്നു. നൃത്തം ചെയ്യുന്ന പോലെ വിറയ്ക്കുക എന്നാണ് ഡിങ്ക ഡിങ്ക എന്ന വാക്കിന്റെ അർഥവും. സ്ത്രീകളെയും കുട്ടികളെയും കൂടുതലായും ബാധിക്കുന്ന രോഗം ബുണ്ടിബുഗ്യോ ജില്ലയിലാണ് ആദ്യം കണ്ടെത്തിയത്.
മറ്റ് രോഗങ്ങളിൽ നിന്ന് ഡിങ്ക ഡിങ്കയെ വ്യത്യസ്തമാക്കുന്നത് നൃത്തത്തിന് സമാനമായ വിറയൽ തന്നെയാണ്. വിറയൽ കാരണം രോഗികൾക്ക് നടക്കാനാവത്ത അവസ്ഥ വരുന്നതായാണ് റിപ്പോർട്ട്. വിറയലിനെ കൂടാതെ തീവ്രമായ പനി, ക്ഷീണം അപൂർമായി പക്ഷാഘാതം എന്നിവയും ഡിങ്ക ഡിങ്ക രോഗികളെ ബാധിക്കുന്നു.
നിലവിൽ ബുണ്ടിബുഗ്യോ ജില്ലയിൽ മാത്രമാണ് രോഗം പടർന്നു പിടിച്ചിരിക്കുന്നത്. മുന്നൂറിലധികം രോഗികളാണ് ഇതിനോടകം രോഗത്തിനായി ചികിത്സ തേടിയിരിക്കുന്നത്. നിലവിൽ രോഗം വിറയൽ, പനി എന്നീ അവസ്ഥകൾക്കപ്പുറം രോഗം ഗുരുതരമായിട്ടില്ല. ആൻ്റീബയോട്ടിക്ക് ഉപയോഗിച്ച് രോഗത്തെ ചികിത്സിക്കാമെന്നാണ് ആരോഗ്യപ്രവർത്തകർ പറയുന്നത്. ഒരാഴ്‌ചത്തെ ചികിത്സ കൊണ്ട് പലരും രോഗമുക്തി നേടുന്നുണ്ട്. രോഗം ഭേദമാകുന്നവരുടെ എണ്ണവും കൂടുതലാണ്.
എന്താണ് രോഗത്തിൻ്റെ ഉറവിടമെന്ന് തിരിച്ചറിയാനാകാത്തതാണ് രോഗത്തെപറ്റി ആശങ്കയുണ്ടാക്കുന്നത്. രോഗികളിൽ നിന്ന് ശേഖരിച്ച സാമ്പിളുകൾ ഉഗാണ്ടൻ ആരോഗ്യ മന്ത്രാലയം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ശാസ്ത്രീയമായ ചികിത്സാ രീതിക്ക് പുറമെ വലിയൊരു ശതമാനം രോഗികളും മന്ത്രവാദത്തിലേക്കാണ് രോഗമുക്തിക്കായി ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഉഗാണ്ടയിൽ വലിയൊരു ശതമാനം മന്ത്രവാദ ചികിത്സകരുണ്ട്. എന്നാൽ ഇത്തരം ചികിത്സാരീതികളെ ആശ്രയിക്കാതെ ശാസ്ത്രീയമായ ചികിത്സ തേടാനാണ് ആരോഗ്യമന്ത്രാലയം രോഗികളോട് പറയുന്നത്.