ഭോപ്പാല്‍: പാമ്പ് കടിച്ചാല്‍ ആളുടെ നില എങ്ങനെയുണ്ട്?, ജീവന്‍ തിരിച്ചുകിട്ടിയോ എന്നിങ്ങനെയുള്ള ചോദ്യങ്ങളായിരിക്കും സാധാരണയായി ഉയര്‍ന്നുവരാറ്. A snake handler was bitten by a king cobra in Sagar, Madhya Pradesh
കടിച്ചത് രാജവെമ്പാലയാണെങ്കിലോ? ഇപ്പോള്‍ മധ്യപ്രദേശില്‍ നിന്നുള്ള അപൂര്‍വ്വ വാര്‍ത്തയാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
ഒരാളെ കടിച്ച ശേഷം ആളിന് അത്യാഹിതം സംഭവിക്കുന്നതിന് പകരം വിഷമുള്ള പാമ്പ് ചത്തു എന്ന് കേട്ടാല്‍ എങ്ങനെയായിരിക്കും പ്രതികരണം?, ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.
മധ്യപ്രദേശിലെ സാഗറില്‍ രാജവെമ്പാലയാണ് പാമ്പ് പിടിത്ത വിദഗ്ധനെ കടിച്ചത്. ഇതല്ല അമ്പരിപ്പിക്കുന്നത്. പാമ്പ് പിടിത്ത വിദഗ്ധനെ കടിച്ച രാജവെമ്പാല വൈകാതെ തന്നെ ചാവുകയും പാമ്പ് പിടിത്ത വിദഗ്ധന്‍ ആശുപത്രിയില്‍ സുഖംപ്രാപിക്കുകയും ചെയ്തു എന്നതാണ് അമ്പരപ്പിക്കുന്നത്.
ജൂലൈ 18ന് ചന്ദ്രകുമാര്‍ എന്ന പാമ്പ് പിടിത്ത വിദഗ്ധനെയാണ് രാജവെമ്പാല കടിച്ചത്. റോഡില്‍ രാജവെമ്പാലയെ കണ്ടപ്പോള്‍ നാട്ടുകാര്‍ ചന്ദ്രകുമാറിനെ വിവരം അറിയിക്കുകയായിരുന്നു.
അഞ്ചടി നീളമുള്ള പാമ്പിനെ പിടികൂടുന്നതിനിടെയാണ് കടിയേറ്റത്. ഉടന്‍ തന്നെ ചന്ദ്രകുമാറിനെ തൊട്ടടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ആശുപത്രിയില്‍ വെച്ച് ആരോഗ്യനില വീണ്ടെടുത്ത ചന്ദ്രകുമാര്‍ ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ടു. എന്നാല്‍ പാമ്പിനെ വൈകാതെ തന്നെ ചത്തനിലയില്‍ കണ്ടെത്തുകയായിരുന്നു. പാമ്പിനെ പിടികൂടി പ്ലാസ്റ്റിക് ബോക്‌സിലാണ് അടച്ചത്.
ബോക്‌സില്‍ ശ്വാസം കിട്ടുന്നതിനായി ഒരു ദ്വാരം പോലും ഇട്ടിരുന്നില്ല. ഇത്തരത്തില്‍ ശ്വാസം കിട്ടാതെ പാമ്പ് ചത്തുപോകുകയായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.
വിഷപ്പാമ്പുകളിലെ രാജാവ്, കിങ് കോബ്ര എന്ന രാജവെമ്പാല. ലോകത്തെ ഏറ്റവും നീളമുളള വിഷപ്പാമ്പ്. കൂടുണ്ടാക്കുന്ന ഒരേയൊരു പാമ്പ്. തുടങ്ങി ഒട്ടേറെ പ്രത്യേകതകളുണ്ട് രാജവെമ്പാലയ്ക്ക് . ശരീരത്തിന്റെ നീളം പരമാവധി 5.5 മീറ്റർ വരെയാണ് . മറ്റു പാമ്പുകളെ ഭക്ഷണമാക്കുന്ന രാജവെമ്പാല ബുദ്ധിസാമർഥ്യത്തിലും മുന്നിലാണ്. നാഡീവ്യവസ്ഥയെയാണ് രാജവെമ്പാലയുടെ വിഷം ബാധിക്കുക .
തുടര്‍ന്ന് കടിയേറ്റയാളുടെ ശ്വസനവ്യവസ്ഥയെ ബാധിക്കും. ഇത് റെസ്പിരേറ്ററി പാരലിസിസ് എന്ന അവസ്ഥയിലേക്ക് മാറും. പലപ്പോഴും ഇക്കാരണത്താലാണ് മരണം ഉണ്ടാകുന്നത്. എന്നാല്‍ രോഗിയെ വെന്റിലേറ്ററിലേക്ക് മാറ്റി കൃത്യമായി ശ്വാസോച്ഛ്വാസം ഉറപ്പിച്ച് ചികിത്സിക്കാനായാല്‍ ജീവന്‍ രക്ഷിക്കുക സാധ്യമാണ്.
അതേസമയം, കടിക്കുമ്പോൾ മനഃപൂർവം വിഷം കയറ്റാതിരിക്കാനുള്ള കഴിവും കുറച്ചു വിഷം മാത്രം കുത്തിവയ്ക്കാനുള്ള കഴിവും മറ്റു വിഷപ്പാമ്പുകളെപ്പോലെ രാജവെമ്പാലയ്ക്കുമുണ്ട്. രാജവെമ്പാലയുടെ കടിയേറ്റവരിൽ 40% പേരുടെ ശരീരത്ത് വിഷം കയറുന്നില്ലെന്നാണു കണക്ക്.
ഇരയെ ദഹിപ്പിക്കാനാണു സാധാരണ വിഷം കുത്തിവയ്ക്കുന്നത്. 20 വർഷം വരെയാണു രാജവെമ്പാലയുടെ ശരാശരി ആയുസ്സ്. പ്രായപൂർത്തിയായ പാമ്പിന് 18 മുതൽ 20 കിലോ വരെ ഭാരമുണ്ടാകും. ഇതിനനുസരിച്ചു വിഷസഞ്ചിയും വലുതായിരിക്കും.
ഇന്ത്യയിൽ കൂടുതൽ കാണപ്പെടുന്ന മൂർഖനും ശംഖുവരയനും പോലുള്ള പാമ്പുകളെ അപേക്ഷിച്ചു രാജവെമ്പാല വിഷത്തിന്റെ തീവ്രത കുറവാണ്. എന്നാൽ, മൂർഖൻ പാമ്പ് കടിച്ചാൽ 0.25 മില്ലിഗ്രാം വിഷം ശരീരത്തിൽ കയറുന്ന സ്ഥാനത്ത് രാജവെമ്പാലയുടെ ഒറ്റക്കടിയിൽ 5 മുതൽ 7 മില്ലിഗ്രാം വരെ വിഷം ശരീരത്തിലെത്തും.
20 പേരെ കൊല്ലാനുള്ള ശക്തിയുണ്ട് ഈ അളവ് വിഷത്തിന്. ഇതാണു രാജവെമ്പാലയെ കൂടുതൽ അപകടകാരിയാക്കുന്നത്.