സൈനികൻ ഗര്‍ഭിണിയായ ഭാര്യയുടെ അടിവയറ്റില്‍ ചവിട്ടി
കൊല്ലം: സ്ത്രീധനത്തിന്റെ പേരില്‍ ഗര്‍ഭിണിയായ യുവതിയെ ഭർത്താവും ഭര്‍തൃവീട്ടുകാരും മര്‍ദിച്ചതായി പരാതി. കൊല്ലത്ത് ഓച്ചിറയ്ക്കടുത്താണ് സംഭവം. അഴീക്കല്‍ സ്വദേശി അക്ഷയയ്ക്കാണ് ക്രൂര മര്‍ദനമേറ്റത്.
മുഖത്തും ശരീരത്തിലും പരുക്കേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗര്‍ഭം അലസിപ്പിക്കാന്‍ ഭര്‍ത്താവ് അടിവയറ്റില്‍ ചവിട്ടിയെന്നും യുവതി ആരോപിച്ചു.
എട്ട് മാസം മുന്‍പാണ് അക്ഷയയുടെയും സിആര്‍പിഎഫ് ജവാനായ യുവാവിന്റെയും വിവാഹം നടന്നത്. 28 പവന്‍ സ്വര്‍ണവും 11 ലക്ഷം രൂപയും സ്ത്രീധനമായി വീട്ടുകാര്‍ വരന് നല്‍കിയിരുന്നു.
എന്നാൽ സ്ത്രീധനം കുറഞ്ഞുപോയെന്നതിന്റെ പേരില്‍ വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ മുതല്‍ താന്‍ ഭര്‍തൃവീട്ടില്‍ മാനസിക, ശാരീരിക പീഡനങ്ങള്‍ സഹിക്കുകയാണെന്നാണ് യുവതി പറയുന്നത്.
തെറ്റായ കത്തിയെടുത്ത് മീന്‍മുറിച്ചു, വീട്ടുവളപ്പില്‍ നിന്ന് പൂപറിച്ചു, ചൂല് ചാരിവച്ചു തുടങ്ങിയ നിസ്സാര കാര്യങ്ങള്‍ക്ക് പോലും ഭര്‍തൃവീട്ടുകാര്‍ തന്നെ വല്ലാതെ പീഡിപ്പിക്കുന്നുവെന്നു യുവതി ആരോപിച്ചു.
ഗര്‍ഭിണിയാണെന്ന് കൂടി സ്ഥിരീകരിച്ചതോടെ ഉപദ്രവം കൂടി എന്നും അക്ഷയ പറയുന്നു. ഭര്‍ത്താവിന്റെ അച്ഛനും അമ്മയും തന്നെക്കുറിച്ച് പല കള്ളങ്ങളും ഭര്‍ത്താവിനോട് പറഞ്ഞുകൊടുക്കുമെന്നും ഇത് കേട്ട് ഭര്‍ത്താവ് തന്നെ മര്‍ദിക്കുമെന്നും യുവതി ആരോപിച്ചു.
ഗര്‍ഭം അലസിപ്പിക്കാന്‍ വയറ്റില്‍ ചവിട്ടാന്‍ ഉള്‍പ്പെടെ നിര്‍ദേശിച്ചത് ഭര്‍തൃമാതാവാണന്നാണ് അക്ഷയ പറയുന്നത്. അതേസമയം അക്ഷയയ്ക്ക് മര്‍ദനമേറ്റതായി ഡോക്ടര്‍മാരും സ്ഥിരീകരിച്ചിട്ടുണ്ട്.
ഓച്ചിറ പൊലീസിന് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പാലക്കാട്ടെ മീരയുടെ മരണം; ഭര്‍ത്താവ് അറസ്റ്റില്‍
പാലക്കാട്: പുതുപ്പരിയാരത്ത് യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍.
പാലക്കാട് മാട്ടുമന്ത ചോളോട് സ്വദേശി മീര (29 )യുടെ ഭർത്താവ് പൂച്ചിറ സ്വദേശി അനൂപിനെ ഹേമാംബിക നഗര്‍ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
അനൂപിനെതിരെ പോലീസ് ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി. ഭര്‍ത്താവ് അനൂപിന്റെ വീട്ടില്‍ ഇക്കഴിഞ്ഞ പത്താം തീയതിയാണ് മീരയെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുന്നത്.
പതിവായി മദ്യപിച്ചെത്തുന്ന അനൂപ് മീരയെ മര്‍ദ്ദിക്കാറുണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഒരു വര്‍ഷം മുമ്പാണ് ഇരുവരുടേയും രണ്ടാം വിവാഹം കഴിഞ്ഞത്.
മരിക്കുന്നതിന് തലേന്ന് ഭര്‍ത്താവുമായി പിണങ്ങിയ മീര സ്വന്തം വീട്ടിലേക്ക് വന്നിരുന്നു. എന്നാല്‍ രാത്രി അനൂപ് തന്നെ എത്തി മീരയെ കൂട്ടിക്കൊണ്ടുപോയി. പിന്നീട് മീരയുടെ മരണവാര്‍ത്തയാണ് വീട്ടുകാര്‍ കേള്‍ക്കുന്നത്.
ആദ്യ വിവാഹത്തില്‍ മീരയ്ക്ക് ഒരു കുട്ടിയുണ്ട്. ഈ കുട്ടിയെ അനൂപ് പരിഗണിക്കുന്നില്ലെന്ന് മീരയ്ക്ക് നിരന്തരം പരാതിയുണ്ടായിരുന്നു.
ഇതേച്ചൊല്ലി ഇരുവരും തമ്മില്‍ തർക്കം നടക്കാറുണ്ടെന്ന് വീട്ടുകാര്‍ പറയുന്നു.
അനൂപിന്റെ നിരന്തര മര്‍ദ്ദനമാണ് മീരയെ ആത്മഹത്യയിലേക്ക് എത്തിച്ചതെന്നും ആണ് വീട്ടുകാരുടെ ആരോപണം.
Summary: In Ochira, Kollam, a pregnant woman was brutally assaulted by her husband and in-laws over dowry demands. The victim has been identified as Akshaya, a native of Azhikal.