പിറവം : പിറവം ടൗണിൽ കെട്ടിട വരാന്തയിൽ ഉറങ്ങിയ ലോട്ടറി വിൽപ്പനക്കാരൻ പാഴൂർ പോഴിമല കോളനിവാസി ഗണേശി (56) ന് തലയ്ക്കടിയേറ്റ സംഭവത്തിൽ ഒരാൾ പിടിയിൽ. കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയിലെ സംഭവത്തിൽ മാവേലിക്കര നൂറനാട് പുത്തൻവീട്ടിൽ അനിൽകുമാറാ(53) ണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ വധശ്രമത്തിന് പൊലീസ് കേസെടുത്തു.lottery seller Ganesh
പിറവം ടൗണിൽ കടവരാന്തകളിൽ അന്തിയുറങ്ങുന്ന ഇരുവരും തമ്മിലുണ്ടായ വാക്കേറ്റം കൈയ്യാങ്കളിയിൽ കലാശിക്കുകയായിരുന്നു. ഇതിനിടയിലാണ് ഗണേശന് തലയ്ക്ക് അടിയേറ്റത്. അനിൽകുമാറിനും പരിക്കേറ്റു. പഴയ ബസ് സ്റ്റാൻഡ് ഭാഗത്തെ ഇരുനില കെട്ടിടത്തിന്റെ മുകളിലെ വരാന്തയിൽ പിറ്റേന്ന് രാവിലെയാണ് ഗണേശനെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ചുമട്ട് തൊഴിലാളികൾ വിവരമറിയിച്ചതിനെ തുടർന്നെത്തിയ പൊലീസ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. രണ്ട് ദിവസം കഴിഞ്ഞാണ് അപകടനില തരണം ചെയ്‌തത്.
ടൗണിലെ നിരീക്ഷണ ക്യാമറകൾ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. പിറവം ടൗണിൽ ചെറിയ ജോലികൾ ചെയ്‌ത് കഴിയുന്നയാളാണ് പ്രതി. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.