സീറ്റിനെച്ചൊല്ലി സ്‌കൂള്‍ ബസില്‍ കുട്ടികൾ തമ്മിലുണ്ടായ തര്‍ക്കത്തിനിടെ അടിയേറ്റുവീണ ഒമ്പതാംക്ലാസുകാരനു ദാരുണാന്ത്യം. സേലത്തിന് സമീപം എടപ്പാടിയിലാണ് സംഭവം. സംഭവത്തില്‍ സഹപാഠിയായ ഒമ്പതാംക്ലാസുകാരനെതിരേ പോലീസ് കേസെടുത്തു.
സ്വകാര്യ സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ കണ്ടഗാരു(14) ആണ് സേലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. സംഭവത്തില്‍ കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയില്‍ സഹപാഠിക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു. സ്‌കൂളിന് പോലീസ് കാവലും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
തിങ്കളാഴ്ച വൈകീട്ട് സ്‌കൂള്‍വിട്ട് മടങ്ങുന്നതിനിടെയാണ് സംഭവം. സ്‌കൂള്‍ബസില്‍ വെച്ച്
സീറ്റിനെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കം ഉണ്ടാവുകയായിരുന്നു. വഴക്കിനിടെ സഹപാഠി കണ്ടഗാരുവിന്റെ നെഞ്ചില്‍ ഇടിച്ചു. അടിയേറ്റ കുട്ടി ബസിനുള്ളില്‍ തലയിടിച്ച് വീഴുകയും ബോധരഹിതനാവുകയുമായിരുന്നു.
ഉടന്‍തന്നെ ഡ്രൈവര്‍ ബസില്‍തന്നെ കുട്ടിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. നില ഗുരുതരമായതിനാല്‍ പിന്നീട് സേലത്തെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരിക്കുകയായിരുന്നു.