മുംബൈ മലയാളികൾക്ക് അനുഗ്രഹമായി പുതിയ ഒരു വന്ദേഭാരത് സർവീസ് വരുന്നതായി സൂചന. മുംബൈയിൽ നിന്ന് മംഗലാപുരം വരെയുള്ള സർവീസാണ് റെയിൽവേ പരിഗണിക്കുന്നത് എന്നാണ് പുറത്തുവരുന്ന വിവരം.
ഇത് യാഥാർത്ഥ്യമായാൽ മംഗലാപുരം എത്തിയ ശേഷം കേരളത്തിലേക്ക് മറ്റൊരു ട്രെയിനിൽ വരാൻ തക്ക രീതിയിൽ മുംബൈ മലയാളികൾക്ക് പുതിയ വന്ദേഭാരതിനെ പ്രയോജനപ്പെടുത്താം.
ഈ സർവീസ് യാഥാർത്ഥ്യമാകുകയാണെങ്കിൽ, 12 മണിക്കൂറിനുള്ളില്‍ മുംബൈയിൽ നിന്ന് മംഗലാപുരത്തേക്ക് എത്താനാകും.
നിലവിൽ മുംബൈയിലെ ഛത്രപതി ശിവാജി ടെർമിനസ് സ്റ്റേഷനിൽ നിന്ന് ഗോവയിലെ മഡ്ഗാവ് വരെ പോകുന്ന വന്ദേഭാരതിനെയും, മഡ്ഗാവിൽ നിന്ന് മംഗലാപുരം വരെ പോകുന്ന വന്ദേഭാരതിനെയും ഒറ്റ വണ്ടിയാക്കാനാണ് നീക്കം. ഇതോടെ മുംബൈ മംഗലാപുരം വന്ദേഭാരതായി ഈ ട്രെയിൻ മാറും.
നിലവിൽ എട്ട് കോച്ചുകൾ മാത്രമുള്ള ഇരു ട്രെയിനുകളും, പുതിയ ട്രെയിൻ ഒരുപക്ഷെ പ്രഖ്യാപിക്കപ്പെട്ടാൽ, പതിനാറോ ഇരുപതോ കോച്ചുകളുള്ള ട്രെയിനായി മാറിയേക്കും.









