കൊച്ചി: കുറുവ സംഘത്തിൽപ്പെട്ടയാൾ പൊലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയി. കൈ വിലങ്ങോട് കൂടി പൂർണ നഗ്നനയാണ് ഇയാൾ രക്ഷപ്പെട്ടത്.
എറണാകുളം കുണ്ടന്നൂർ ഭാഗത്തു നിന്നാണ് ഇയാളെ മണ്ണഞ്ചേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിലേക്ക് ചോദ്യം ചെയ്യലിനായി കൊണ്ട് പോകും വഴി കസ്റ്റഡിയിൽ നിന്ന് ചാടി പോവുകയായിരുന്നു.

തമിഴ്നാട് സ്വദേശിയായ സന്തോഷ് എന്നയാളാണ് ചാടിപ്പോയത്. കസ്റ്റഡിയിലെടുത്ത് കൊണ്ടുവരുമ്പോൾ പൊലീസിനെ കുറുവ സംഘം ആക്രമിച്ചു. സ്ത്രീകളും കുട്ടികളും ആക്രമിക്കുന്നതിനിടെ സന്തോഷ് ഓടിപ്പോവുകയായിരുന്നു. ആക്രമിച്ച സംഘത്തിൽപ്പെട്ട രണ്ട് പേരെ പൊലീസ് കീഴ്പ്പെടുത്തി.
സന്തോഷിനായി പൊലീസ് കുണ്ടന്നൂർ നഗരത്തിൽ തിരച്ചിൽ നടത്തി വരികയാണ്. ആലപ്പുഴയിലും എറണാകുളത്തുമായി കുറുവ സംഘം ഒട്ടേറെ കവർച്ചകളാണ് നടത്തിയിട്ടുള്ളത്.
എറണാകുളം പറവൂരിലെ കുറുവ മോഷണ സംഘത്തിൻ്റെ ഭീതിയിൽ മുനമ്പം ഡിവൈഎസ്പി ജയകൃഷ്ണൻ ജാഗ്രതാ നിർദേശം നൽകി. രാത്രി വീടിന് പുറത്ത് ഒരു ലൈറ്റ് തെളിച്ചിടണം, സിസിടിവ ക്യാമറകൾ പരിശോധിക്കണം.
ആയുധ സ്വഭാവമുള്ള വസ്തുക്കൾ പറമ്പിൽ അലക്ഷ്യമായി ഇടരുതെന്നും ഡിവൈഎസ്പിയുടെ മുന്നറിയിപ്പിൽ പറയുന്നു. റോഡുകളിൽ അസ്വഭാവിക സാഹചര്യത്തിൽ ആളുകളെ കണ്ടാൽ പൊലീസിനെ അറിയക്കാനും നിർദേശമുണ്ട്.
ആലപ്പുഴയിലായിരുന്നു കുറുവ സംഘത്തെ ആദ്യം കണ്ടതെങ്കിലും എറണാകുളത്തും ഇവരുടെ സാന്നിധ്യമുണ്ടെന്നാണ് സംശയം. എറണാകുളം പറവൂരിലെ വീടുകളില്‍ മോഷണ ശ്രമം നടത്തിയത് കുറുവ സംഘമാണെന്ന നിഗമനത്തിലാണ് പൊലീസ്.
ആലപ്പുഴയില്‍ പുന്നപ്ര തൂക്കുകുളത്തെത്തിയ കുറുവ സംഘത്തെ പിടികൂടാനുള്ള ശ്രമത്തില്‍ യുവാവിനെ സംഘം ആക്രമിക്കുകയും ചെയ്തിരുന്നു.
ആലപ്പുഴക്കാർക്ക് തലവേദന സൃഷ്ടിച്ച കുറുവാ സംഘത്തിലെ ഒരാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത് ഇയാളാണ് ഇപ്പോൾ പൊലീസിൻ്റെ കയ്യിൽ നിന്നും ചാടിപ്പോയതും.