ലോക്സഭാ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരാനിരിക്കെ, സംസ്ഥാന കോണ്‍ഗ്രസില്‍ സംഘടനാ തലത്തില്‍ വന്‍ അഴിച്ചുപണിക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. മധ്യകേരളത്തിലെയും തെക്കന്‍ കേരളത്തിലെയും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിക്കാനാണ് നീക്കം. ഡിസിസി പ്രസിഡന്റുമാരെയും മറ്റ് ഭാരവാഹികളെയും മാറ്റുന്നതുള്‍പ്പെടെ ചില ജില്ലകളില്‍ സമ്പൂർണ്ണ അഴിച്ചുപണി ഉണ്ടായേക്കും. ഇടുക്കി, വയനാട്, ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തിരുവനന്തപുരം ജില്ലകളിലെ പ്രസിഡന്റുമാരെ പല കാരണങ്ങളാല്‍ മാറ്റാനുള്ള നീക്കവും ശക്തമാണ്.
കോട്ടയത്ത് ക്രിസ്ത്യന്‍ സമുദായത്തില്‍ നിന്നും ഒരാളെ ഡിസിസി പ്രസിഡന്റ് ആക്കണമെന്ന ആവശ്യം ശക്തമാണ്. തൃശ്ശൂരിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കെ മുരളീധരന്‍ സംഘടനാ പോരായ്മകള്‍ ഉന്നയിച്ചിട്ടുണ്ട്. കോണ്‍ഗ്രസിന്റെ സംഘടനാ പോരായ്മകള്‍ കേരളത്തിലെ എല്ലാ ലോക്സഭാ മണ്ഡലങ്ങളെയും ബാധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
അതിനിടെ 10 ഡിസിസി പ്രസിഡന്റുമാര്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാത്തവരാണെന്ന വിലയിരുത്തലുമുണ്ട്. കെ സുധാകരനെ കെപിസിസി പ്രസിഡന്റായി തിരിച്ചെടുത്തെങ്കിലും തെരഞ്ഞെടുപ്പില്‍ യുഡിഎഫ് പ്രതീക്ഷിച്ച വിജയം നേടാനായില്ലെങ്കില്‍ അദ്ദേഹത്തിന്റെ സ്ഥാനം അപകടത്തിലായേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
Read More: ഉപഭോഗം കൂടിയാൽ ഉടനടി അറിയാം; നിർമ്മിത ബുദ്ധിയിലൂടെ വൈദ്യുതി പാഴാക്കൽ തടയാൻ കെ.എസ്.ഇ.ബി