കൊച്ചി: ഭർതൃമതിയായ യുവതിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന് പരാതി നൽകാനാകില്ലെന്ന് കേരള ഹൈക്കോടതി. പൊലീസ് ഉദ്യോഗസ്ഥൻ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കിയാണ് ഹൈക്കോടതിയുടെ നിർണായക ഉത്തരവ്.
ഒരു വിവാഹ ബന്ധത്തിൽ തുടരുന്ന സ്ത്രീക്കു മറ്റൊരാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതി ഉന്നയിക്കാനാകില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി.
തനിക്കെതിരെ നൽകിയ പീഡനക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊലീസ് ഉദ്യോഗസ്ഥനായ പാലക്കാട് സ്വദേശി കെ.സി.ശ്രീരാജ് ആണ് ഹൈക്കോടതിയെ സമീപിച്ചത്.
ശ്രീരാജ് നൽകിയ ഹർജി പരിഗണിച്ചാണ് ജസ്റ്റിസ് എ.ബദറുദ്ദീൻ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ശ്രീരാജിനെതിരായ കേസ് തൃശൂർ പ്രത്യേക കോടതിയുടെ പരിഗണനയിലായിരുന്നു.
വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നായിരുന്നു ഭർതൃമതിയായ യുവതിയുടെ പരാതി. എന്നാൽ യുവതി വിവാഹിതയല്ലെന്ന വിശ്വാസത്തിലാണു വിവാഹ വാഗ്ദാനം നൽകിയതെന്ന് ഹർജിക്കാരൻ കോടതിയിൽ പറഞ്ഞു. യുവതി വിവാഹിതയാണെന്നും രണ്ട് കുട്ടികളുടെ മാതാവാണെന്നും അറിഞ്ഞപ്പോഴാണ് ബന്ധത്തിൽ നിന്നും പിന്മാറിയതെന്നും ഹർജിക്കാരൻ കോടതിയെ അറിയിച്ചു.
വിവാഹവാഗ്ദാനം നൽകിയെന്നു പറയുന്ന സമയത്തു തന്നെ പരാതിക്കാരി മുൻപുള്ള വിവാഹ ബന്ധത്തിൽ തുടരുകയായിരുന്നു. ആരോപണങ്ങൾ വ്യാജമാണ്. ആൾമാറാട്ടം നടത്തി മറ്റു പലരിൽനിന്നും പരാതിക്കാരി പണം കൈക്കലാക്കിയതായി കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കോടതി അറിയിച്ചു. പരാതിക്കാരി വിവാഹിതയാണെന്നു സർക്കാരും അറിയിച്ചിരുന്നു.