എടിഎമ്മിൽ പണമെടുക്കാനെത്തിയ 16കാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതി പിടിയിൽ
കൊല്ലം: എടിഎമ്മിൽ പണമെടുക്കാനെത്തിയ പതിനാറുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ പ്രതി പിടിയിൽ. കൊല്ലം മടവൂരിലാണ് സംഭവം. മയ്യനാട് സ്വദേശിയായ അനിരുദ്ധനെയാണ് പള്ളിക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം രാവിലെ എട്ടു മണിക്കാണ് സംഭവം നടന്നത്. എടിഎമ്മിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതിയെ പൊലീസ് പിടികൂടിയത്.
മടവൂർ ജംഗ്ഷനിലുള്ള സ്വകാര്യ ബാങ്കിന്റെ എടിഎമ്മിൽ പണമെടുക്കാൻ എത്തിയതായിരുന്നു പെൺകുട്ടി.
ഈ സമയം കുട്ടി എടിഎമ്മിലേക്ക് കയറവേ അകത്തുണ്ടായിരുന്ന പ്രതി, അവിടെ പണമില്ലെന്ന് പറഞ്ഞ് കുട്ടിയെ അടുത്തുള്ള എസ്ബിഐ എടിഎമ്മിലേക്ക് കൂട്ടിക്കൊണ്ടുപോകുകയായിരുന്നു.
തുടർന്ന് എടിഎമ്മിൽ കയറിയ പ്രതി മെഷീനിൽ കാർഡ് ഇട്ട ശേഷം പെൺകുട്ടിയോട് ഭാഷ തെരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടു. കുട്ടി മെഷീനിൽ ബട്ടൻ അമർത്തുന്നതിനിടെ ഇയാൾ പിറകിലൂടെ വന്ന് ലൈംഗികാതിക്രമം നടത്തി.
പെട്ടെന്ന് കുതറി ഓടിയ പെൺകുട്ടി ഈ വിവരം അമ്മയോട് പറയുകയും തുടർന്ന് പൊലീസിൽ പരാതി നൽകുകയുമായിരുന്നു. പോക്‌സോ കേസ് രജിസ്റ്റർ ചെയ്ത പള്ളിക്കൽ പൊലീസ് എടിഎമ്മിലെ സിസിടിവി പരിശോധിച്ച് പ്രതിയാരാണെന്ന് കണ്ടെത്തി.
അതിക്രമത്തിന് ശേഷം ഒളിവിൽ പോയ പ്രതിയെ കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Summary: A man has been arrested for assaulting a 16-year-old girl who had gone to withdraw money from an ATM in Madavoor, Kollam. The accused has been identified as Anirudhan, a native of Mayyanad. Pallikkal Police made the arrest.









